
റിയാദ്: കാണാതായി ദിവസങ്ങൾക്കകം സൗദി ഡീപ്പോർട്ടേഷൻ സെന്റെറിൽ കണ്ടെത്തിയ മലയാളി യുവാവിനെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി. രണ്ടാഴ്‍ച മുമ്പ് കുവൈത്ത് അതിർത്തിയോട് ചേർന്നുള്ള ഹഫർ അൽബാത്വിൻ പട്ടണത്തിൽ നിന്ന് കാണാതായ ആറ്റിങ്ങൽ ആലംകോട് സ്വദേശി പ്രതീഷ് ചന്ദ്രശേഖരനെയാണ് (34) ദമ്മാമിലെ ഡിപ്പോർട്ടേഷൻ സെന്ററിൽ കണ്ടെത്തിയത്.
വ്യാപകമായ അന്വേഷണത്തിനിടെ ദമ്മാമിലെ സാമൂഹിക പ്രവർത്തകൻ നാസ് വക്കമാണ് പ്രതീഷ് നാടുകടത്തൽ കേന്ദ്രത്തിലുണ്ടെന്ന് സ്ഥിരീകരിച്ചത്. ഉടൻ തന്നെ പ്രതീഷിനെ ജാമ്യത്തിലിറക്കിയ നാസ് വക്കം തന്നോടൊപ്പം താമസിപ്പിച്ചിരിക്കുകയാണ്. മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വാർത്തയായതിനെ പിന്നാലെ ആറ്റിങ്ങൽ എം.എൽ.എ ബി. സത്യന്റെ അഭ്യർത്ഥന പ്രകാരമാണ് നാസ് വക്കം അന്വേഷണം ആരംഭിച്ചത്. നാസിന്റെ ജാമ്യത്തിൽ ജയിലിൽ നിന്ന് മോചിപ്പിച്ച പ്രതീഷിനെ ഇനി എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയിരിക്കുകയാണ്.
അഞ്ചു വർഷമായി ഹഫർ അൽബാത്വിനിലെ സ്വകാര്യ കമ്പനിയിൽ ട്രെയിലർ ഡ്രൈവറായിരുന്നു പ്രതീഷ്. കഴിഞ്ഞ വർഷം അവധിക്ക് നാട്ടിൽ പോയ പ്രതീഷ് കൊവിഡ് പ്രതിസന്ധി മൂലം തിരിച്ചുവരനാവാതെ അവിടെ കുടുങ്ങിപ്പോയി. തുടർന്ന് വലിയ തുക മുടക്കിയാണ് കഴിഞ്ഞ ഏപ്രിൽ രണ്ടിന് സൗദിയിൽ തിരിച്ചെത്തിയത്. തിരികെ വന്നാൽ ശമ്പളം കൂട്ടിത്തരാം എന്ന വാഗ്ദാനം സ്‍പോൺസർ പാലിക്കാൻ തയ്യാറാകാതിരുന്നതോടെ പുതിയ ജോലിക്ക് ശ്രമിക്കുകയായിരുന്നു. ഇതറിഞ്ഞ സ്‍പോൺസർ യുവാവിനെ നിയമകുരുക്കിലാക്കുകയും ഡീപ്പോർട്ടേഷൻ സെന്ററിൽ എത്തിക്കുകയുമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam