പണം ചിലവാക്കാൻ മടിച്ച് സ്‍പോണ്‍സര്‍ വഴിയിൽ ഉപേക്ഷിച്ച പ്രവാസി ഇന്ത്യക്കാരിക്ക് സാമൂഹ്യ പ്രവർത്തകർ തുണയായി

By Web TeamFirst Published Jul 20, 2021, 2:59 PM IST
Highlights

മൂന്നര വർഷം മുൻപാണ് പുഷ്‍പവതി ജോലിക്കായി ഖത്തറിൽ എത്തിയത്. ഒരു സൗദി പൗരൻ അവരെ ഖത്തർ വിസയിൽ കൊണ്ടുവന്ന ശേഷം, അവിടെ നിന്ന് വിസിറ്റിങ് വിസയിൽ സൗദി അറേബ്യയിൽ എത്തിച്ച്, ദമ്മാമിലുള്ള തന്റെ വീട്ടിൽ ജോലിക്ക് നിർത്തുകയായിരുന്നു. 

റിയാദ്: നാട്ടിലേയ്ക്ക് മടക്കി അയക്കാൻ പണം ചിലവാക്കാൻ മടിച്ച് സ്‍പോൺസർ വഴിയിൽ ഉപേക്ഷിച്ച വീട്ടുജോലിക്കാരിക്ക് ദമ്മാമിലെ നവയുഗം സാംസ്‍കാരിക വേദി ജീവകാരുണ്യ വിഭാഗം തുണയായി. ആന്ധ്രാപ്രദേശ് റുസ്‍തുംബദ സ്വദേശിനിയായ പെചെട്ടിപുഷ്‍പവതിയാണ് ദുരിതപർവ്വം താണ്ടി നവയുഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത്.

മൂന്നര വർഷം മുൻപാണ് പുഷ്‍പവതി ജോലിക്കായി ഖത്തറിൽ എത്തിയത്. ഒരു സൗദി പൗരൻ അവരെ ഖത്തർ വിസയിൽ കൊണ്ടുവന്ന ശേഷം, അവിടെ നിന്ന് വിസിറ്റിങ് വിസയിൽ സൗദി അറേബ്യയിൽ എത്തിച്ച്, ദമ്മാമിലുള്ള തന്റെ വീട്ടിൽ ജോലിക്ക് നിർത്തുകയായിരുന്നു. മൂന്നര വർഷം പുഷ്‍പവതി ആ വീട്ടിൽ ജോലി ചെയ്തു.  കരാർ കാലാവധി കഴിഞ്ഞപ്പോൾ,  നാട്ടിലേക്ക് മടങ്ങാനുള്ള  ആഗ്രഹം അവർ സ്‍പോൺസറെ അറിയിച്ചു. സ്‍പോൺസർ അവരെയും കൂട്ടി എക്സിറ്റ് അടിക്കാൻ സൗദി പാസ്‍പോർട്ട് (ജവാസാത്) ഓഫിസിൽ എത്തി. കാര്യങ്ങൾ തിരക്കിയപ്പോൾ, ഇത്രയും വർഷമായി വിസിറ്റിങ് വിസ പുതുക്കാതെ കാലാവധി കഴിഞ്ഞതിനാൽ വലിയൊരു തുക ഫൈൻ അടച്ചാൽ മാത്രമേ ഫൈനൽ എക്സിറ്റ് നൽകാൻ കഴിയൂ എന്ന് മനസ്സിലായി.

ജവാസാത്തിൽ നിന്നും തിരിച്ചു പോകുന്ന വഴിയിൽ തൊഴിലുടമ പുഷ്‍പവതിയെ ഒരു മാൻപവർ കമ്പനിയുടെ ഓഫിസിന് മുന്നിൽ ഇറക്കി വിട്ടിട്ട്, 'ഈ ഓഫിസുകാർ നിന്നെ നാട്ടിലേക്ക് കയറ്റി വിടും' എന്ന് പറഞ്ഞു വിശ്വസിപ്പിച്ചിട്ട് സ്ഥലം വിട്ടു. ആ ഓഫിസിൽ തിരക്കിയപ്പോഴാണ് തന്നെ സ്‍പോൺസർ പറഞ്ഞു പറ്റിച്ച കാര്യം പുഷ്‍പവതിക്ക് മനസിലായത്. എന്ത്ചെയ്യണമെന്നറിയാതെ അവിടെ നിന്ന അവരുടെ അവസ്ഥ കണ്ട് ആ ഓഫിസുകാരും ചില സ്വദേശി പൗരന്മാരും ചേർന്ന് പൊലീസിനെ വിളിച്ചു വരുത്തി കാര്യം പറഞ്ഞു. പോലീസുകാർ അവരെ ദമ്മാമിലെ വനിതാ അഭയ കേന്ദ്രത്തിൽ കൊണ്ടുചെന്നാക്കി.

അഭയകേന്ദ്രം അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് അവിടെയെത്തിയ നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും, ജീവകാരുണ്യ പ്രവർത്തകയുമായ മഞ്ജു മണിക്കുട്ടൻ പുഷ്‍പവതിയോട് വിശദമായി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി, ജാമ്യത്തിൽ എടുത്ത് സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. ഒരു മാസത്തോളം പുഷ്‍പവതി മഞ്ജുവിന്റെ വീട്ടിൽ കഴിഞ്ഞു.

പുഷ്‍പവതിയുടെ സ്‌പോൺസറെ കണ്ടെത്താനുള്ള നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ ശ്രമം പരാജയപ്പെട്ടു. തുടർന്ന് മഞ്ജു മണിക്കുട്ടൻ വനിതാ അഭയ കേന്ദ്രം ഡയറക്ടറെ നേരിൽ കണ്ട്, പുഷ്‍പവതിയുടെ അവസ്ഥ വിവരിച്ചു, നാട്ടിലേയ്ക്ക് മടക്കി അയക്കാനുള്ള സഹായംഅഭ്യർത്ഥിച്ചു. അദ്ദേഹത്തിന്റെ ശുപാർശയുടെ പുറത്ത്, സൗദിസർക്കാർ ഫൈൻ മാപ്പാക്കി പുഷ്‍പവതിക്ക് എക്സിറ്റ് വിസ അടിച്ചു നൽകാൻ ഉത്തരവ് നൽകി. പുഷ്‍പവതിയുടെ അവസ്ഥ മഞ്ജുവിൽ നിന്നറിഞ്ഞ ഹൈദരാബാദ് അസോസിയേഷൻ ഭാരവാഹിയായ മിർസബൈഗ് അവർക്ക് വിമാനടിക്കറ്റ് സൗജന്യമായി നൽകി. അങ്ങനെ നിയമനടപടികൾ പൂർത്തിയാക്കി പുഷ്‍പവതി നാട്ടിലേക്ക് മടങ്ങി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!