ഒമാനിലെ അടച്ചുപൂട്ടലില്‍ നിന്ന് ചില വിഭാഗങ്ങളെ ഒഴിവാക്കി സുപ്രീം കമ്മിറ്റി തീരുമാനം

By Web TeamFirst Published May 6, 2021, 10:38 AM IST
Highlights

ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, എമര്‍ജന്‍സി വാഹനങ്ങള്‍, വൈദ്യുതി - ജല സേവനങ്ങള്‍ക്കായുള്ള അത്യാവശ്യ സര്‍വീസുകള്‍, സ്വകാര്യ ആശുപത്രികളിലെയും ഫാര്‍മസികളിലെയും രാത്രി ഷിഫ്റ്റുകളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ഇളവുണ്ട്.

മസ്‍കത്ത്: ഒമാനിലെ പകല്‍ സമയത്തെ അടച്ചുപൂട്ടലില്‍ നിന്നും രാത്രിയിലെ ലോക്ഡൗണില്‍ നിന്നും ചില വിഭാഗങ്ങള്‍ക്ക് സുപ്രീം കമ്മിറ്റി ഇളവ് അനുവദിച്ചു. നിലവിലുള്ള രാത്രി ലോക്ഡൗണിന് പുറമെ മെയ് എട്ട് മുതല്‍ 15 വരെയാണ് പകല്‍ സമയത്തെ വാണിജ്യ പ്രവര്‍ത്തനങ്ങളുടെ സമയത്തെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുലര്‍ച്ചെ നാല് മുതല്‍ വൈകുന്നേരം ഏഴ് വരെയായിരിക്കും ഈ നിയന്ത്രണം.

ഉപഭോക്താക്കളെ അകത്ത് പ്രവേശിപ്പിക്കാതെ റസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും പ്രവര്‍ത്തിക്കാം. ഈ സമയത്ത് ഫുഡ് ഡെലിവറി അനുവദിക്കും. മെയ് എട്ട് മുതല്‍ 15 വരെയുള്ള ദിവസങ്ങളിലെ രാത്രി നിയന്ത്രണത്തില്‍ നിന്ന് ആരോഗ്യ മേഖലയിലെ ജീവനക്കാര്‍, എമര്‍ജന്‍സി വാഹനങ്ങള്‍, വൈദ്യുതി - ജല സേവനങ്ങള്‍ക്കായുള്ള അത്യാവശ്യ സര്‍വീസുകള്‍, സ്വകാര്യ ആശുപത്രികളിലെയും ഫാര്‍മസികളിലെയും രാത്രി ഷിഫ്റ്റുകളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ഇളവുണ്ട്.

പോര്‍ട്ടുകളിലെയും വിമാനത്താവളങ്ങളിലെയും ജീവനക്കാര്‍, മൂന്ന് ടണ്ണിനും അതിന് മുകളിലുമുള്ള എല്ലാത്തരം ട്രക്കുകളിലെയും ജീവനക്കാര്‍, വാട്ടര്‍ ടാങ്കറുകള്‍, സ്വീവേജ് ട്രാന്‍സ്‍പോര്‍ട്ട് ടാങ്കറുകള്‍ എന്നിവര്‍ക്ക് പുറമെ ഫാക്ടറികളിലെ ജീവനക്കാര്‍ക്കും അനുമതി ഉണ്ടാവുമെങ്കിലും വിലക്കുള്ള സമയങ്ങളില്‍ ഇവര്‍ ഫാക്ടറികളില്‍ നിന്ന് പുറത്തിറങ്ങാന്‍ പാടില്ല.

ഫാക്ടറികളിലും വെയര്‍ഹൗസുകളിലും ലോഡിങ്, അണ്‍ലോഡിങ് പ്രവര്‍ത്തനങ്ങളും അനുവദിക്കും. എന്നാല്‍ സ്ഥാപനങ്ങളില്‍ നിന്ന് പുറത്തുപോകാന്‍ അനുവദിക്കില്ല. ഫ്യുവല്‍ സ്റ്റേഷനുകളിലെ ജീവനക്കാര്‍, ഇന്‍ഡസ്‍ട്രി ആന്റ് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍, മാര്‍ക്കറ്റിങ് കമ്പനികള്‍, ഓയില്‍ ഫീല്‍ഡ് ജീവനക്കാര്‍ തുടങ്ങിയവരെയും വിലക്കില്‍ നിന്ന് ഒഴിവാക്കും.

സര്‍ക്കാര്‍, സ്വകാര്യ മാധ്യമ  സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഹെല്‍ത്ത്, ടെക്നിക്കല്‍ ഇന്‍സ്‍പെക്ടര്‍മാര്‍, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, മത്സ്യത്തൊഴിലാളികള്‍, ഫുഡ് ലബോറട്ടറികളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കും ഇളവുണ്ടാകും.

click me!