
കുവൈറ്റ് സിറ്റി: കുട്ടികളില്ലാത്ത സ്വദേശി ദമ്പതികളുടെ മക്കളാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ രണ്ട് സൗദി പൗരന്മാര്‍ക്കെതിരെ കുവൈറ്റില്‍ നടപടി. ഡിഎന്‍എ പരിശോധനയില്‍ ഉള്‍പ്പെടെ ഇവരുടെ അവകാശവാദം പൊളിഞ്ഞതോടെ ഇരുവര്‍ക്കെതിരെയും നടപടിയെടുക്കാന്‍ പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. പൗരന്മാര്‍ക്ക് ലഭ്യമാവുന്ന എല്ലാ ആനുകൂല്യങ്ങളും നേടി ഇവര്‍ രാജ്യത്ത് തുടരുകയായിരുന്നു.
ഭര്‍ത്താവിന്റെ മരണശേഷമാണ് അനന്തരാവകാശം സംബന്ധിച്ച രേഖകളില്‍ തനിക്കൊപ്പം മറ്റ് രണ്ട് പേരുടെയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സ്വദേശിയായ സ്ത്രീ മനസിലാക്കിയത്. അന്വേഷിച്ചപ്പോള്‍ ഇരുവരും തങ്ങളുടെ മക്കളാണെന്നാണ് രേഖകളെന്ന് അറിഞ്ഞു. ഭര്‍ത്താവിന് കുട്ടികളുണ്ടാകില്ലെന്ന് ഇവര്‍ നേരത്തെ നടത്തിയ ചികിത്സകളില്‍ തെളിഞ്ഞിരുന്നു. ഇതിന്റെ രേഖകള്‍ സഹിതമാണ് ഇവര്‍ പരാതിപ്പെട്ടത്. മക്കളെന്ന് അവകാശപ്പെടുന്ന ഇരുവരെയും ഇതുവരെ കണ്ടിട്ടുപോലുമില്ലെന്നും പരാതിയില്‍ അറിയിച്ചിരുന്നു.
തുടര്‍ന്ന് കുവൈറ്റിലെ പൗരത്വ-പാസ്പോര്‍ട്ട് വകുപ്പ് സ്ത്രീയെ വിളിച്ചുവരുത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. മെഡിക്കല്‍ രേഖകളും പരിശോധിച്ചു. ശേഷം ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ പ്രോസിക്യൂഷന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അറസ്റ്റിന് ശേഷം നടത്തിയ ഡി എന്‍ എ പരിശോധനയില്‍ ഇരുവരുടെയും വാദം കളവാണെന്ന് തെളിഞ്ഞു. ദമ്പതികളില്‍ ആരുമായും രണ്ട് പേര്‍ക്കും ബന്ധമില്ലെന്ന് കണ്ടെത്തി. ഇതോടെ കേസിന്റെ തുടര്‍നടപടികളുമായി മുന്നോട്ട് പോവുകയാണ് അധികൃതര്‍. പ്രതികളായ രണ്ട് സൗദി പൗരന്മാര്‍ ഇപ്പോള്‍ ജയിലിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam