
റിയാദ്: വീട്ട് ഡ്രൈവർ, മറ്റ് വീട്ടുജോലി വിസകളിലുള്ളവരുടെ സ്പോൺസർഷിപ്പ് മാറ്റം പുനരാരംഭിച്ചു. നീണ്ട ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഇത് പുനരാരംഭിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വ്യക്തിയുടെ കീഴിൽ വീട്ട് ഡ്രൈവർ, വീട്ടുവേലക്കാരി പോലുള്ള ഗാർഹിക വിസകളിൽ കഴിയുന്നവർക്ക് ഒരു സ്ഥാപനത്തിന്റെ പേരിലേക്ക് വിസയും ഒപ്പം തസ്തികയും (പ്രഫഷൻ) മാറ്റാനുള്ള അനുമതിയാണ് മന്ത്രാലയം നൽകിത്തുടങ്ങിയത്. ലേബർ ബ്രാഞ്ച് ഓഫീസുകൾ വഴി നേരിട്ട് മാത്രമേ ഈ നടപടികൾ പൂർത്തിയാക്കാൻ കഴിയൂ. ഓൺലൈനിലൂടെ ഈ സേവനം ലഭിക്കില്ല. കർശന നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് സ്പോൺസർഷിപ്പ്, പ്രഫഷൻ മാറ്റം.
ഇഖാമ ഒരു വർഷത്തിൽ കൂടുതൽ കാലത്തേക്ക് പുതുക്കിയതാകാൻ പാടില്ല എന്നതാണ് പ്രധാന നിബന്ധന. തിരിച്ച് സ്ഥാപനത്തിൽ നിന്ന് വ്യക്തിഗത സ്പോൺസർഷിപ്പിലേക്ക് മാറാനും അനുവദിക്കില്ല. പ്രഫഷനും സ്പോൺസർഷിപ്പും മാറാനുള്ള അപേക്ഷാഫോറത്തിന്റെ മാതൃകയും മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൊഴിലാളിയുടെ പേര്, ഇഖാമ നമ്പർ എന്നിവയുൾപ്പെടെയുള്ള വിവരങ്ങളാണ് അപേക്ഷയിൽ പൂരിപ്പിക്കേണ്ടത്.
സ്പോൺസർഷിപ്പ് മാറ്റാൻ അനുവദിക്കണമെന്നും പ്രഫഷൻ, സ്പോൺസർഷിപ്പ് മാറ്റ നടപടികൾ പൂർത്തിയാകുന്നതുവരെ പുതിയ തൊഴിലുടമയുടെ കീഴിൽ ജോലി തുടങ്ങില്ലെന്നും അപേക്ഷകൻ സ്വയം സാക്ഷ്യപ്പെടുത്തി ഒപ്പും വിരൽ മുദ്രയും വെക്കണം. പുതുതായി ചേരുന്ന സ്ഥാപനത്തിന്റെ പേര്, മറ്റ് വിവരങ്ങൾ, സ്ഥാപനാധികാരിയുടെ ഒപ്പ്, ഔദ്യോഗിക മുദ്ര എന്നിവയും അപേക്ഷയിലുണ്ടാവണം. സ്പോൺസർഷിപ്പ്, പ്രഫഷൻ മാറ്റങ്ങൾ അനുവദിച്ചുകൊണ്ട് നിലവിലെ തൊഴിലുടമ നൽകുന്ന സമ്മതപത്രവും അപേക്ഷയോടൊപ്പം ഹാജരാക്കണം.
ചേംബർ ഒാഫ് കോമേഴ്സ് അല്ലെങ്കിൽ ഡിസ്ട്രിക്റ്റ് ചീഫ് അല്ലെങ്കിൽ ലേബർ ഓഫീസ് അറ്റസ്റ്റ് ചെയ്തതായിരിക്കണം. സ്പോൺസർഷിപ്പ് മാറ്റാൻ തയാറാണെന്ന പുതിയ തൊഴിലുടമ/സ്ഥാപനത്തിന്റെ സമ്മതപത്രവും വേണം. അതും ചേംബർ ഓഫ് കോമേഴ്സ് അറ്റസ്റ്റ് ചെയ്തിരിക്കണം. സ്പോൺസർഷിപ്പ് ഏറ്റെടുക്കുന്ന പുതിയ സ്ഥാപനം നിതാഖാത് പ്രകാരം ഇടനിലയിലുള്ള പച്ച കാറ്റഗറിയിലെങ്കിലും ആയിരിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ