
ദുബൈ: യുഎഇയുടെ ആകാശത്ത് ഇന്ന് സ്ട്രോബറി മൂൺ ദൃശ്യമാകും. അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസത്തിന് സാക്ഷിയാകാൻ പ്രവാസികളടക്കം യുഎഇയിലെ എല്ലാ താമസക്കാരും ആകാംക്ഷയിലാണ്. യുഎഇയിൽ എപ്പോഴാണ് സ്ട്രോബറി മൂൺ ദൃശ്യമാകുന്നത് എന്ന് സംബന്ധിച്ച് നിരവധി പേർ സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഇപ്പോൾ ദുബൈ അസ്ട്രോണമി ഗ്രൂപ്പ് ഓപറേഷഷൻസ് മാനേജറായ ഖദീജ ഹസൻ അഹമ്മദ് ഇതും സംബന്ധിച്ച സംശയങ്ങൾക്ക് വ്യക്തത വരുത്തിയിരിക്കുകയാണ്.
ഇന്ന് വൈകിട്ട് 7.32ഓട് കൂടി ആകാശത്ത് ചന്ദ്രൻ ഉദിക്കും. നാളെ പുലർച്ചെ 5.55ന് ചന്ദ്രൻ അസ്തമിക്കും. ചന്ദ്രോദയ സമയമായ 7.32ഓട് കൂടി തന്നെ ആകാശത്ത് സ്ട്രോബറി മൂൺ ദൃശ്യമാകും. താമസക്കാർക്ക് ഇത് നഗ്നനേത്രങ്ങൾ കൊണ്ട് നിരീക്ഷിക്കാമെന്നും ഖദീജ ഹസൻ അഹമ്മദ് അറിയിച്ചു. ബീച്ചുകൾ, മരുഭൂമി, ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വളരെ വ്യക്തമായി സ്ട്രോബറി മൂൺ കാണാൻ കഴിയും. എങ്കിൽപ്പോലും യുഎഇയിൽ എവിടെ നിന്നും കിഴക്കൻ ചക്രവാളത്തിലേക്ക് നോക്കിയാൽ ഈ അപൂർവ്വ ദൃശ്യത്തിന് സാക്ഷികളാകാൻ കഴിയുമെന്നും അവർ വ്യക്തമാക്കി.
വളരെ സുന്ദരമായ കാഴ്ചയാണ് ഇന്ന് യുഎഇ താമസക്കാർക്ക് ദൃശ്യമാകുന്നതെന്നും വസന്തകാലത്തിലെ അവസാന പൂർണചന്ദ്രനാണിതെന്നും പതിവിൽ നിന്ന് വ്യത്യസ്തമായി ഇതിന് വലിപ്പമുണ്ടായിരിക്കുമെന്നും സ്വർണതിളക്കം കൂടുതലായിരിക്കുമെന്നും ഖദീജ ഹസൻ അഹമ്മദ് പറഞ്ഞു. സ്ട്രോബറി മൂൺ എന്ന പേര് പോലെ ചന്ദ്രൻ പിങ്ക് നിറത്തിലോ ചുവപ്പ് നിറത്തിലോ ആയിരിക്കില്ല ദൃശ്യമാകുന്നത്. പകരം മഞ്ഞയോ ഓറഞ്ചോ നിറത്തിലായിരിക്കും ചക്രവാളത്തിൽ ചന്ദ്രൻ ദൃശ്യമാകുന്നത്. ഇന്ന് ദൃശ്യമാകുന്ന ഈ പ്രതിഭാസം 18.6 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ്. ഇനി 2043ലായിരിക്കും ഇത് വീണ്ടും ദൃശ്യമാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ