
ദോഹ: ഖത്തറിൽ ഇന്ത്യൻ മാമ്പഴങ്ങളുമായി അൽ ഹംബ ഫെസ്റ്റിവൽ വീണ്ടുമെത്തുന്നു. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സൂഖ് വാഖിഫിൽ കഴിഞ്ഞ വർഷം തുടക്കം കുറിച്ച മാമ്പഴമേളയുടെ രണ്ടാമത് എഡിഷനാണ് ജൂൺ 12ന് ആരംഭിക്കുന്നത്. ജൂൺ 21 വരെ 10 ദിവസമാണ് മാമ്പഴങ്ങളുടെ ഉത്സവമായി ഹംബ എക്സിബിഷൻ അരങ്ങേറുന്നത്. ഇന്ത്യൻ എംബസിയും പ്രൈവറ്റ് എൻജിനീയറിങ് ഓഫിസ് സെലിബ്രേഷൻ കമ്മിറ്റിയും ചേർന്നാണ് മേളക്ക് ആതിഥ്യമൊരുക്കുന്നത്.
കഴിഞ്ഞ വർഷമാണ് അൽ ഹംബ മാമ്പഴമേളക്ക് സൂഖ് വാഖിഫ് ആദ്യമായി വേദിയൊരുക്കിയത്. സ്വദേശികളും, വിവിധ രാജ്യക്കാരായ പ്രവാസികളും ഉൾപ്പെടെ സന്ദർശകരുടെ വലിയ പങ്കാളിത്തം കൊണ്ട് മേള വൻ വിജയമായി. ഇത്തവണ കൂടുതൽ വിപുലമായാണ് മേള സംഘടിപ്പിക്കുന്നത്. പ്രാദേശിക സ്ഥാപനങ്ങളും ഇന്ത്യൻ കമ്പനികളും പങ്കാളികളാകും.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ഇറക്കുമതി ചെയ്യുന്ന മാമ്പഴങ്ങളുടെ വിപുല ശേഖരവും ഹംബ എക്സിബിഷനിൽ ഒരുക്കും. വ്യത്യസ്ത ഇനം മാമ്പഴങ്ങൾക്ക് പുറമെ, മധുരപലഹാരങ്ങൾ, അച്ചാറുകൾ, ജ്യൂസ് തുടങ്ങി മാങ്ങകൊണ്ടുള്ള അനുബന്ധ ഉൽപ്പന്നങ്ങളും സന്ദർശകർക്കായി മേളയിൽ ഉണ്ടാകും. പുതിയ മാമ്പഴ ഇനങ്ങളും ആദ്യമായി വിപണിയിൽ അവതരിപ്പിക്കും.
ഖത്തറിലെ ചൂടുള്ള കാലാവസ്ഥയിൽ മാമ്പഴങ്ങൾ കേടു വരാതെ സൂക്ഷിക്കുന്നതിനും, ഗുണമേന്മ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി സൂഖ് വാഖിഫിൽ ശീതീകരിച്ച പ്രത്യേക ഹാളിലാണ് പ്രദർശനമൊരുക്കുന്നത്. ദിവസവും വൈകുന്നേരം നാല് മുതൽ രാത്രി ഒമ്പത് വരെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്. വെള്ളിയാഴ്ച ഉൾപ്പെടെ പൊതു അവധി ദിവസങ്ങളിൽ രാത്രി 10 വരെയും തുടരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ