
റിയാദ്: കെറോണ വൈറസിനെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി ഏഴ് രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് സൗദി അറേബ്യയുടെ കര, നാവിക, വ്യോമ കവാടങ്ങളിൽ നേരിട്ടുള്ള പരിശോധന. ചൈന, ഹോങ്കോങ്, സിംഗപ്പൂർ, തെക്കൻ കൊറിയ, ഇറ്റലി, ജപ്പാൻ, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ വിമാനത്താവളം, തുറമുഖം, അതിർത്തി റോഡിലെ ചെക്ക് പോസ്റ്റ് തുടങ്ങി രാജ്യത്തെ മുഴുവൻ പ്രവേശന കവാടങ്ങളിലും നേരിട്ട് പരിശോധനക്ക് വിധേയമാക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രവേശന കവാടങ്ങളിൽ നിയോഗിച്ച മെഡിക്കൽ ഉദ്യോഗസ്ഥരായിരിക്കും പരിശോധിക്കുക. രോഗലക്ഷണം കാണുന്നവരെ അപ്പോൾ തന്നെ ആശുപത്രിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നൽകും. അതിനുവേണ്ടി അടിയന്തിര ചികിത്സ സേവന വിഭാഗത്തെ സർവസജ്ജമാക്കിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ലോക രാജ്യങ്ങളുടെയും ലോകാരോഗ്യ സംഘടന ഉൾപ്പെടെ അന്താരാഷ്ട്ര സംഘങ്ങളുടെയും മാർഗനിർദേശങ്ങളും തീരുമാനങ്ങളും പാലിക്കാൻ സൗദി അറേബ്യ അതീവ ശ്രദ്ധചെലുത്തുന്നതിന്റെ ഭാഗമാണിതെന്നും ആരോഗ്യ വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, കെറോണ വൈറസ് തടയാനുള്ള പ്രതിരോധ മാർഗങ്ങൾ സൗദിയിൽ കൂടുതൽ ശക്തമാക്കി. പ്രവേശന കവാടങ്ങളിലെത്തുന്ന യാത്രക്കാരെ മുഴുവൻ നിരീക്ഷിക്കാൻ 24 മണിക്കൂർ സംവിധാനമാണ് സജ്ജീകരിച്ചിട്ടുള്ളത്. പതിവിലും കൂടുതൽ ആളുകളെ നിരീക്ഷണ സംവിധാനങ്ങളിൽ നിയോഗിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ