ചെറിയ സമ്മാനം പ്രതീക്ഷിച്ച് ദി യു.എ.ഇ ലോട്ടറി എടുത്തു; മലയാളിക്ക് ലഭിച്ചത് 30 മില്യൺ ദിർഹം

Published : Jul 27, 2026, 05:28 PM IST
The UAE Lottery

Synopsis

ഇപ്പോഴും ഇതെല്ലാം വിശ്വസിക്കാൻ ബുദ്ധിമുട്ടുകയാണ് ഞാൻ. വിജയിച്ച് ഒരാഴ്ച്ച കഴിഞ്ഞിട്ടും ഇത് സത്യം തന്നെയാണോ എന്നാണ് ഞാൻ ആലോചിച്ചു കൊണ്ടിരുന്നത്.

ദി യു.എ.ഇ ലോട്ടറിയുടെ ഏറ്റവും പുതിയ ലക്കി ഡേ ഡ്രോയിൽ 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത് ഒരു മലയാളിയാണ്. യു.എ.ഇയിൽ മെയിന്റനൻസ് ടെക്നീഷ്യനായി ജോലി നോക്കുന്ന 52 വയസ്സുകാരനായ സുനിൽ കുമാർ സദാശിവൻ, സുഹൃത്തിനൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യ സമ്മാനം നേടിയത്.

തനിക്ക് ലഭിച്ച അപ്രതീക്ഷിതമായ ഭാഗ്യത്തെക്കുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും സംസാരിക്കുകയാണ് ദി യു.എ.ഇ ലോട്ടറിയുടെ 30 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് വിജയി സുനിൽ കുമാർ.

 

 

  • താങ്കളെക്കുറിച്ച് ഒന്ന് പറയാമോ? സ്വദേശം എവിടെയാണ്, അബുദാബിയിൽ എന്താണ് ജോലി ചെയ്യുന്നത്, എത്ര കാലമായി ഇവിടെ താമസിക്കുന്നു, തുടങ്ങിയ കാര്യങ്ങൾ.

എന്റെ പേര് സുനിൽ കുമാർ സദാശിവൻ. ഞാൻ തിരുവനന്തപുരം സ്വദേശിയാണ്. അബുദാബിയിൽ മെയിന്റനൻസ് ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്. 2006-ലാണ് ഞാൻ ആദ്യമായി യുഎഇയിലേക്ക് വന്നത്. ആ വർഷം തന്നെയായിരുന്നു വിവാഹവും. പിന്നീട് നാട്ടിലേക്ക് തിരിച്ചുപോയെങ്കിലും സാമ്പത്തിക സാഹചര്യങ്ങൾ കാരണം വീണ്ടും യുഎഇയിലേക്ക് വന്നു. ഇപ്പോൾ, കഴിഞ്ഞ രണ്ട് വർഷമായി ഇവിടെ തന്നെയാണ്. പിന്നെ, ജീവിതത്തിൽ ലഭിച്ച അവസരങ്ങൾക്ക് ഈ രാജ്യത്തോടുള്ള എന്റെ കടപ്പാടും ഞാൻ അറിയിക്കുന്നു.

  • ഈ ലോട്ടറിയെക്കുറിച്ച് എങ്ങനെയാണ് അറിഞ്ഞത്? എത്ര നാളായി ടിക്കറ്റ് എടുക്കുന്നു?

ദി യു.എ.ഇ ലോട്ടറിയെക്കുറിച്ച് ആദ്യമായി കേട്ടത് എന്റെ സഹപ്രവർത്തകരിൽ നിന്നാണ്. ആദ്യം ഞാൻ വലിയ താൽപര്യം കാണിച്ചില്ല. പിന്നീട് എല്ലാവരും ഒരുമിച്ച് ടിക്കറ്റ് എടുക്കാം എന്ന് പറഞ്ഞു. "ഒരു തവണ ഭാഗ്യം കിട്ടിയാലോ" എന്ന ചിന്തയിലായിരുന്നു അത്.

ഏകദേശം രണ്ട് മാസം മുമ്പാണ് ഞാൻ സ്ഥിരമായി ടിക്കറ്റ് എടുക്കാൻ തുടങ്ങിയത്. പിന്നീട് ഒരു സുഹൃത്തും ഞാനും മാത്രം ചേർന്ന് ഒരു ടിക്കറ്റ് എടുത്തു. അതിലൂടെയാണ് വിജയം വന്നത്. വെറുതെ ഒരു രസത്തിനായി തുടങ്ങിയ കാര്യം ഇങ്ങനെയായി മാറുമെന്ന് ഞങ്ങൾ ആരും കരുതിയിരുന്നില്ല.

  • നമ്പറുകൾ എങ്ങനെയാണ് തിരഞ്ഞെടുക്കുക? എന്തെങ്കിലും പ്രത്യേക രീതിയുണ്ടോ? ഇത്തവണത്തെ നമ്പർ തിരഞ്ഞെടുത്തത് എങ്ങനെയാണെന്ന് പറയാമോ?

ഞാൻ റാൻഡമായാണ് നമ്പറുകൾ തിരഞ്ഞെടുക്കാറ്. പക്ഷേ, ഒരിക്കലും ഭാഗ്യം കൂടെയുണ്ടായിരുന്നില്ല. ഇത്തവണ എന്റെ മകളുടെ ജനനത്തീയതി വെച്ചാണ് നമ്പറുകൾ തിരഞ്ഞെടുത്തത്.

12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഞങ്ങളുടെ മകൾ ജനിച്ചത്. അതുകൊണ്ട് അവൾ എനിക്ക് വളരെ സ്പെഷ്യലാണ്. അവളുടെ ജന്മദിനവും എന്റെ ജന്മദിനവും ഭാര്യയുടെ ജനനത്തീയതിയും ഉൾപ്പെടെ ഞങ്ങളുടെ കുടുംബത്തിലെ പ്രധാന തീയതികളാണ് ഞാൻ തിരഞ്ഞെടുത്തത്. അതാണ് വിജയ നമ്പറുകളായി മാറിയതും. എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരുമായി ബന്ധപ്പെട്ട നമ്പറുകളിലൂടെയാണ് ഈ വിജയം ലഭിച്ചതെന്നത് ഈ വിജയത്തെ കൂടുതൽ അർത്ഥവത്താക്കുന്നു.

  • ജൂലൈ 1-ാം തീയതിയിലെ ആ രാത്രി ഒന്ന് ഓർത്തെടുക്കാമോ? ഓരോ നമ്പറും ഒത്തുവരുന്നത് കണ്ടപ്പോൾ ശരിക്കും എന്താണ് മനസ്സിൽ തോന്നിയത്?

നമ്പറുകൾ തിരഞ്ഞെടുത്ത് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് രാത്രി 9.30-ന് ഡ്രോ ഉണ്ടാകുമെന്ന് അറിഞ്ഞത്. അന്നും പതിവുപോലെ ജോലി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. ഏകദേശം 9.45 ആയപ്പോൾ ഞാൻ മൊബൈൽ എടുത്തുനോക്കി. ഞാൻ തിരഞ്ഞെടുത്ത എല്ലാ നമ്പറുകളും ഒത്തുവന്നതായി കണ്ടു. ആദ്യം വിശ്വസിക്കാൻ തന്നെ കഴിഞ്ഞില്ല. ഉടൻ തന്നെ അത് സുഹൃത്തിനെ കാണിച്ചു. ശരിക്കും വിജയിച്ചതാണെന്ന് ഉറപ്പാക്കി. അതിന് ശേഷം ഞാൻ ആദ്യം വിളിച്ചത് എന്റെ ഭാര്യയെയാണ്. ആ നിമിഷം സ്പെഷ്യലാണ്, അത് വാക്കുകളിലൂടെ പറയാൻ പറ്റില്ല.

  • ഒരു രസത്തിനാണ് ടിക്കറ്റ് എടുക്കാൻ തുടങ്ങിയതെന്ന് പറഞ്ഞല്ലോ, എപ്പോഴെങ്കിലും വലിയ സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

ഇല്ല. ഞാൻ നമ്പർ പരിശോധിച്ചത് തന്നെ 100 ദിർഹമെങ്കിലും കിട്ടിയോ എന്നറിയാനാണ്. ചെറിയൊരു തുക കിട്ടിയാൽ അതുതന്നെ സന്തോഷമെന്ന് കരുതിയിരുന്നു. ഒന്നാം സമ്മാനം ലഭിക്കുമെന്ന ചിന്ത പോലും മനസ്സിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആ വിജയം ഞങ്ങൾക്ക് പൂർണമായും അപ്രതീക്ഷിതമായിരുന്നു.

  • ഭാര്യയെ വിളിച്ചെന്ന് പറഞ്ഞല്ലോ, ഈ വാർത്ത കേട്ടപ്പോൾ കുടുംബത്തിന്റെ പ്രതികരണം എന്തായിരുന്നു?

ആദ്യം അവൾക്ക് അത് വിശ്വസിക്കാനായില്ല. പിന്നീട് സന്തോഷം അണപൊട്ടി. ആവേശം കാരണം രണ്ട് ദിവസത്തോളം അവൾക്ക് ഉറങ്ങാൻ പോലും കഴിഞ്ഞില്ല. എല്ലാം ഒന്ന് ശാന്തമായി ആലോചിച്ചപ്പോൾ, ഞങ്ങൾ ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ളവരാണ്, അതുകൊണ്ട് തന്നെ ഈ അനുഗ്രഹം മറ്റുള്ളവരെ സഹായിക്കാനുള്ള അവസരമാക്കണമെന്നും തീരുമാനിച്ചു.

  • ടിക്കറ്റ് എടുത്ത സുഹൃത്തിനൊപ്പം സമ്മാനത്തുക പങ്കിടാൻ തീരുമാനിച്ചു. എന്തുകൊണ്ടാണ് അങ്ങനെ ചെയ്തത്?

അതിൽ എനിക്ക് ഒരിക്കലും സംശയമുണ്ടായിരുന്നില്ല. ഞങ്ങൾ രണ്ടുപേരും ചേർന്നാണ് ടിക്കറ്റ് എടുത്തത്. അതുകൊണ്ട് ഈ വിജയം ഞങ്ങൾ രണ്ടുപേർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. എല്ലാ സാഹചര്യങ്ങളിലും ഞങ്ങൾ പരസ്പരം കൂടെയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സമ്മാനത്തുക തുല്യമായി പങ്കിടുന്നതാണ് ശരി. തുടക്കം മുതൽ ഞങ്ങൾ പങ്കാളികളായിരുന്നു. സമ്മാനത്തിലും വ്യത്യാസമില്ല.

  • ഇനി മുന്നോട്ടുള്ള പദ്ധതികൾ എന്തൊക്കെയാണ്?

ഇപ്പോഴും ഇതെല്ലാം വിശ്വസിക്കാൻ ബുദ്ധിമുട്ടുകയാണ് ഞാൻ. വിജയിച്ച് ഒരാഴ്ച്ച കഴിഞ്ഞിട്ടും ഇത് സത്യം തന്നെയാണോ എന്നാണ് ഞാൻ ആലോചിച്ചു കൊണ്ടിരുന്നത്. പിന്നീട്, പണം എങ്ങനെ ചെലവഴിക്കണം എന്നതായി ആലോചന. ആദ്യം നാട്ടിലേക്ക് തിരിച്ചുപോയി കുറച്ച് സമയം വിശ്രമിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ചെറുപ്പം മുതൽ ഞാൻ ജോലി ചെയ്യുന്നതാണ്. ഇപ്പോൾ 52 വയസ്സായി. ഇനി കുറച്ച് വിശ്രമിക്കേണ്ട സമയമാണെന്ന് തോന്നുന്നു.

പിന്നെ, ഒരു ചെറിയ ബിസിനസ് തുടങ്ങണം. വീട് പണിപൂർത്തിയാക്കണം. ഒരു കാർ വാങ്ങണം. കുടുംബത്തെ ദുബായിലേക്ക് കൊണ്ടുവരണം, നഗരം കാണിക്കണം. ഇതൊക്കെയാണ് എന്റെ ആഗ്രഹങ്ങൾ.

അതുപോലെ തന്നെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെയും സഹായം ആവശ്യമുള്ളവരെയും സഹായിക്കണമെന്ന ആഗ്രഹമുണ്ട്. സ്വന്തമായി വീട് ഇല്ലാത്ത ചിലർക്കായി വീടുകൾ നിർമിച്ചുനൽകാനും ആഗ്രഹിക്കുന്നു. നാട്ടിൽ സ്ഥിരതാമസമാക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്.

  • മറ്റുള്ളവർക്ക് വീട് നിർമിച്ചുനൽകണമെന്ന് പറഞ്ഞല്ലോ, അതേ കുറിച്ചു പറയാമോ?

എന്റെ നാട്ടിലും പരിസര പ്രദേശങ്ങളിലുമായി സ്വന്തമായി നല്ലൊരു വീട് ഇല്ലാതെ കഴിയുന്നവരെ എനിക്ക് വ്യക്തിപരമായി അറിയാം. ആദ്യം അവരെ സഹായിക്കണം. ഞാനും സമാനമായ സാഹചര്യങ്ങളിൽ നിന്നാണ് വന്നത്. നാട്ടിലെത്തിയ ശേഷം കുടുംബവുമായി ചേർന്ന് ഇതേക്കുറിച്ച് ആലോചിക്കും.

  • മാസങ്ങളോളം വലിയൊരു വിജയം ലഭിക്കാതിരുന്നിട്ടും ടിക്കറ്റ് എടുക്കുന്നത് തുടർന്നു. അതിന് കാരണം എന്തായിരുന്നു?

പ്രതീക്ഷ തന്നെയാണ് ഒരേയൊരു കാരണം. എല്ലാ ആഴ്ചയും ഞാൻ കരുതും – ഇത്തവണയായിരിക്കും ഭാഗ്യം. ചിലപ്പോഴൊക്കെ രണ്ടോ മൂന്നോ നമ്പറുകൾ വരെ ഒത്തുവരുമായിരുന്നു. ചില ആഴ്ച്ചകളിൽ ഒന്നും ലഭിക്കില്ല. എങ്കിലും ഭാഗ്യ പരീക്ഷണത്തിലുള്ള സന്തോഷവും ഒരിക്കൽ ജീവിതം മാറുമെന്ന പ്രതീക്ഷയും എപ്പോഴുമുണ്ടായിരുന്നു.

  • നിങ്ങളുടെ “ആ നിമിഷം” എത്തി. ഇപ്പോഴും അത് കാത്തിരിക്കുന്ന ബാക്കിയുള്ളവരോട് എന്താണ് പറയാനുള്ളത്?

ഞാൻ ടിക്കറ്റ് എടുത്തു, എനിക്ക് വിജയിക്കാനായി. ദി യു.എ.ഇ ലോട്ടറി വിശ്വാസ്യതയുള്ളതാണെന്നാണ് എന്റെ അനുഭവം. ഞാൻ വാങ്ങിയ ഒരു ടിക്കറ്റ് എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. എല്ലാവരോടും അത് തന്നെയാണ് എനിക്കും പറയാനുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിനെ ഞെട്ടിച്ച കള്ളപ്പണം വെളുപ്പിക്കൽ കേസ്, 22.94 ലക്ഷത്തിലേറെ ദിനാറിന്‍റെ ഇടപാട്, 9 സിറിയൻ പൗരന്മാർക്ക് 10 വർഷം തടവും കോടികളുടെ പിഴയും
പ്രമുഖ സൗദി ഫുട്ബോൾ ക്ലബ് ‘അൽ അഹ്‌ലി’യുടെ പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് ഖാലിദ് അൽ ഗാംദി