യുഎഇയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി ഉടമയായ മലയാളി രാജ്യം വിട്ടു

By Web TeamFirst Published Dec 15, 2018, 1:23 PM IST
Highlights

മലയാളിയായ  അബ്ദുല്‍ ഖാദര്‍ സബീറിന്റെ ഉടമസ്ഥതയിലുള്ള അല്‍ മനാമ ഗ്രൂപ്പില്‍ കഴിഞ്ഞ ജൂണ്‍ മുതലാണ് സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതെന്ന് വിതരണക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് സാധനങ്ങള്‍ എത്തിച്ചിരുന്ന നൂറോളം വിതരണക്കാരുടെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ഒരുമിച്ച് കൂടിയാണ് മാനേജ്മെന്റിനെതിരായ ആരോപണങ്ങള്‍ ഉന്നയിച്ചത്. 

അജ്‍മാന്‍: യുഎഇയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി മലയാളിയായ ഉടമ രാജ്യം വിട്ടു. നാല് പതിറ്റാണ്ടുകളായി യുഎഇയിലെ പ്രവര്‍ത്തിക്കുന്ന അല്‍ മനാമ ഗ്രൂപ്പിനെതിരെയാണ് ശമ്പളം മുടങ്ങിയ ജീവനക്കാരും കോടിക്കണക്കിന് രൂപ കിട്ടാനുള്ള വിതരണക്കാരും രംഗത്തെത്തിയിരിക്കുന്നതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നൂറുകണക്കിന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെയും ബാങ്കുകള്‍ക്കും സാധനങ്ങള്‍ വിതരണം ചെയ്തവര്‍ക്കും പണം നല്‍കാതെയുമാണ് അപ്രതീക്ഷിതമായി സ്ഥാപനം അടച്ചുപൂട്ടിയത്. അതേസമയം എല്ലാ പ്രതിസന്ധികളും ഉടന്‍ തീരുമെന്ന് പ്രതീക്ഷിക്കുന്നതായി അബ്ദുല്‍ ഖാദര്‍ സബീര്‍ ഖലീജ് ടൈംസിന് അയച്ച വോയിസ് മെസേജില്‍ പറയുന്നു.

മലയാളിയായ  അബ്ദുല്‍ ഖാദര്‍ സബീറിന്റെ ഉടമസ്ഥതയിലുള്ള അല്‍ മനാമ ഗ്രൂപ്പില്‍ കഴിഞ്ഞ ജൂണ്‍ മുതലാണ് സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തതെന്ന് വിതരണക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് സാധനങ്ങള്‍ എത്തിച്ചിരുന്ന നൂറോളം വിതരണക്കാരുടെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ഒരുമിച്ച് കൂടിയാണ് മാനേജ്മെന്റിനെതിരായ ആരോപണങ്ങള്‍ ഉന്നയിച്ചത്. കോടിക്കണക്കിന് ദിര്‍ഹമാണ് ഇവര്‍ക്ക് സ്ഥാപനത്തില്‍ നിന്ന് കിട്ടാനുള്ളത്. അല്‍ മനാമയുടെ ഓഫീസില്‍ വിളിച്ചാല്‍ ആരും ഫോണെടുക്കാറില്ല. സീനിയര്‍ മാനേജ്മെന്റ് തലത്തിലുണ്ടായിരുന്നവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും ഇവര്‍ ആരോപിച്ചു. ലോക്കല്‍ സ്‍പോണ്‍സര്‍ പോലും അറിയാതെയാണ് അബ്ദുല്‍ ഖാദര്‍ സബീര്‍ രാജ്യം വിട്ടത്.

കഴിഞ്ഞ ജൂണ്‍ മുതലാണ് പല വിതരണക്കാര്‍ക്കും പണം നല്‍കുന്നതില്‍ വീഴ്ചയുണ്ടായത്. നാല് പതിറ്റാണ്ടോളം യാതൊരു പ്രശ്നവുമില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമായിരുന്നതിനാല്‍ അത് കാര്യമായെടുത്തില്ല. പണം എത്രയും വേഗം തന്നുതീര്‍ക്കുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുനല്‍കിയപ്പോള്‍ അവരെ വിശ്വസിക്കുകയായിരുന്നു. നവംബറില്‍ ഓഫീസിലെത്തിയപ്പോള്‍ അവിടെയാകെ പ്രശ്നങ്ങളായിരുന്നെന്ന് വിതരണക്കാരിലൊരാള്‍ പറഞ്ഞു. മാനേജ്മെന്റ് തലത്തില്‍ ഉത്തരവാദിത്തമുള്ള പദവിയില്‍ ഒരാളും ഓഫീസിലുണ്ടായിരുന്നില്ല. കാര്യങ്ങള്‍ അറിയാത്ത ചില  പുതിയ ജീവനക്കാര്‍ മാത്രമാണുണ്ടായിരുന്നത്. സ്ഥാപനത്തിന്റെ മനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ഖാദര്‍ സബീര്‍ യുഎഇയില്‍ നിന്ന് മുങ്ങി. പിന്നാലെ മറ്റുള്ളവരെയും കാണാതായെന്ന് വിതരണക്കാരില്‍ ഒരാളായ ശമീം പറഞ്ഞു. ചെക്കുകള്‍ മടങ്ങിയതിന്റെ പേരില്‍ ചിലര്‍ സ്ഥാപനത്തിനെതിരെ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സാധനങ്ങള്‍ എത്തിച്ചവര്‍ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ മാത്രമാണെന്നും അതത് സ്ഥാപനങ്ങളില്‍ ഈ ബാധ്യത തീര്‍ക്കേണ്ട ഉത്തരവാദിത്തം ഇപ്പോള്‍ അവരുടെ തലയിലായിരിക്കുകയാണെന്നും ഇവര്‍ പറയുന്നു. മാനേജ്മെന്റ് തലത്തിലെ ആരെയും ബന്ധപ്പെടാന്‍ കഴിയുന്നില്ല. പതിറ്റാണ്ടുകളായുള്ള വിശ്വാസം കണക്കിലെടുത്ത് സാധാരണ പരിധിക്കപ്പുറം സാധനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതെല്ലാം ഇവരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എന്നാല്‍ സ്പോണ്‍സര്‍ എന്നതിനപ്പുറം താന്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ പങ്കാളിയായിരുന്നില്ലെന്ന് യുഎഇ പൗരനായ ഹമദ് അല്‍ മത്‍റൗഷി പറഞ്ഞു. അബുദുല്‍ ഖാദര്‍ സബീര്‍ ബാങ്കുകള്‍ക്ക് ലക്ഷക്കണക്കിന് ദിര്‍ഹം നല്‍കാനുണ്ട്.  തനിക്കും 35 ലക്ഷത്തിന്റെ ചെക്ക് നല്‍കിയിട്ടുണ്ട്. 1400ലധികം ജീവനക്കാര്‍ക്ക് മൂന്ന് മാസമായി ശമ്പളം നല്‍കിയിട്ടില്ല. താന്‍ മുന്‍കയ്യെടുത്ത് അതില്‍ 600ഓളം പേര്‍ക്ക് പണം നല്‍കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. 

അതേസമയം എല്ലാ പ്രശ്നങ്ങളും ഉടന്‍ അവസാനിക്കുമെന്ന് തന്നെയാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് അല്‍ മനാമ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ഖാദര്‍ സബീര്‍ ഖലീജ് ടൈംസിന് അയച്ച വോയിസ് മെസേജില്‍ പറയുന്നു. പണം നല്‍കുന്നതില്‍ വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച അദ്ദേഹം പക്ഷേ ഇപ്പോള്‍ എവിടെയാണുള്ളതെന്ന് വ്യക്തമാക്കിയിട്ടില്ല. ബാങ്കുകളുമായുള്ള ചില പ്രശ്നങ്ങളിലായിരുന്നു തുടക്കം. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുണ്ട്. എന്നാല്‍ എല്ലാം ഉടന്‍ ശരിയാകുമെന്ന ആത്മവിശ്വാസം തനിക്കുണ്ട്. പുറത്തുനിന്നുള്ള ചില ഇടപെടലുകള്‍ കാരണമാണ് സ്ഥിതിഗതികള്‍ വഷളായതും അപ്രതീക്ഷിതമായി ചിലതൊക്കെ സംഭവിച്ചതും. - അദ്ദേഹം പറഞ്ഞു.

യുഎഇയിലെ ബിസിനസില്‍ നിന്ന് താനുണ്ടാക്കിയ പണം ഉപയോഗിച്ച് യുഎഇയില്‍ തന്നെയാണ് നിക്ഷേപം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. രാജ്യംവിടേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ല. 40 കോടി ദിര്‍ഹത്തിന്റെ ആസ്തിയുണ്ട് അല്‍ മനാമ ഗ്രൂപ്പിന്. വിതരണക്കാരുടെ ബാധ്യത തീര്‍ത്ത് ഏറ്റെടുക്കാന്‍ ചില സ്ഥാപനങ്ങള്‍ തയ്യാറായിട്ടുണ്ട്. പക്ഷേ ഒരുദിവസം കൊണ്ട് അത് സാധ്യമാവില്ല. കൂടുതല്‍ സമയം ആവശ്യമാണ്. ജീവനക്കാരുടെ കാര്യത്തില്‍ 45 ലക്ഷം ദിര്‍ഹമാണ് താന്‍ സര്‍ക്കാറില്‍ നിക്ഷേപിച്ചിട്ടുള്ളത്. അവരുടെ ശമ്പള ബാധ്യത തീര്‍ക്കാന്‍ അത് മതിയാവുമെന്നും അദ്ദേഹം പറഞ്ഞു. ചില ബാങ്കുകള്‍ പെട്ടെന്ന് തനിക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങിയത് കൊണ്ടാണ് എല്ലാം ഇട്ടെറിഞ്ഞ് പോകേണ്ടിവന്നതെന്നും എല്ലാവരുടേയും സഹായത്തോടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം അജ്മാന്‍ ഉള്‍പ്പെടെയുള്ള എമിറേറ്റുകളില്‍ അല്‍ മനാമ ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളും പ്രതിസന്ധിയിലാണ്. പലരും വിസ റദ്ദാക്കി നാട്ടിലേക്ക് മടങ്ങി. ചിലര്‍ക്ക് ശമ്പളം ലഭിച്ചിട്ടുണ്ടെങ്കിലും ജോലിയില്‍ നിന്ന് വിരമിക്കുമ്പോഴുള്ള ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ല. അജ്മാനില്‍ മാത്രം 400ഓളം പേര്‍ പ്രതിസന്ധിയിലായി കുടുങ്ങിക്കിടക്കുകയാണെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പലരും മറ്റ് ജോലികള്‍ അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ശമ്പളം കിട്ടിയെന്നും ഇനി നാട്ടിലേക്ക് മടങ്ങുകയാണെന്നും ചിലര്‍ പറഞ്ഞു. ദുബായ്, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ എന്നിവിടങ്ങളിലായി 20ലധികം സൂപ്പര്‍ മാര്‍ക്കറ്റുകളാണ് അല്‍ മനാമ ഗ്രൂപ്പിനുണ്ടായിരുന്നത്.

click me!