സൗദിയിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കുന്നു

By Web TeamFirst Published Nov 23, 2020, 8:03 PM IST
Highlights

50 ഹലാലയും ഒരു റിയാലുമാണ് തുണി സഞ്ചിയുടെ ഗുണ നിലവാരത്തിന് അനുസരിച്ച് ഈടാക്കുന്നത്. വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്നതിനാല്‍ മുടക്കുന്ന ഈ തുശ്ചമായ തുക ഒരു വലിയ പ്രശ്‌നമല്ലെന്നും പരിസ്ഥിതി സംരക്ഷിക്കാന്‍ ഇത്രയെങ്കിലും ചെയ്യാന്‍ എല്ലാവരും തയ്യാറകണമെന്നുമാണ് വ്യാപാരികള്‍ പറയുന്നത്.

റിയാദ്: ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ ഇട്ടുനല്‍കാന്‍ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കേണ്ടതില്ലെന്ന് സൗദി അറേബ്യയിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍. പരിസ്ഥിതി സംരക്ഷണമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്ലാസ്റ്റിക് ബാഗുകള്‍ വെടിയാനുള്ള തീരുമാനവുമായി കൂടുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ മുന്നോട്ട് വന്നിരിക്കുന്നത്. വാങ്ങുന്ന സാധനങ്ങള്‍ ഇട്ടുകൊണ്ടുപോകാന്‍ ഇനി മുതല്‍ പ്ലാസ്റ്റിക് സഞ്ചികള്‍ നല്‍കില്ലെന്നും പകരം തുണി സഞ്ചികള്‍ വാങ്ങണമെന്നും പല കടകളിലും ബാനറുകള്‍ ഉയര്‍ന്നെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.  

പൂര്‍ണമായും നശിപ്പിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക് പരിസ്ഥിതിക്ക് വലിയ ദോഷമാണുണ്ടാക്കുന്നതെന്നും അത് മൊത്തം ആവാസവ്യവസ്ഥയ്ക്ക് തന്നെ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും ഷോപ്പ് നടത്തിപ്പുകാര്‍ ഉപഭോക്താക്കളെ ബോധവത്കരിക്കാനും ശ്രമിക്കുന്നുണ്ട്. സൗജന്യ പ്ലാസ്റ്റിക് ബാഗുകള്‍ ഇനിയില്ലെന്ന് പറയുന്ന ഷോപ്പ് നടത്തിപ്പുകാര്‍ പകരം തുശ്ചമായ തുക നല്‍കി തുണി സഞ്ചി വാങ്ങാന്‍ നിര്‍ദേശിക്കുകയാണ്. 50 ഹലാലയും ഒരു റിയാലുമാണ് തുണി സഞ്ചിയുടെ ഗുണ നിലവാരത്തിന് അനുസരിച്ച് ഈടാക്കുന്നത്. വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്നതിനാല്‍ മുടക്കുന്ന ഈ തുശ്ചമായ തുക ഒരു വലിയ പ്രശ്‌നമല്ലെന്നും പരിസ്ഥിതി സംരക്ഷിക്കാന്‍ ഇത്രയെങ്കിലും ചെയ്യാന്‍ എല്ലാവരും തയ്യാറകണമെന്നുമാണ് വ്യാപാരികള്‍ പറയുന്നത്. ഒരിക്കല്‍ വാങ്ങിയാല്‍ തുണി സഞ്ചി പലതവണ ഉപയോഗിക്കാം. മാത്രമല്ല ജീവികളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരവുമല്ല.  

click me!