ഒമാന്‍ അതിര്‍ത്തികള്‍ അടയ്ക്കുന്നു; രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രയ്ക്ക് വിലക്ക്

By Web TeamFirst Published Dec 21, 2020, 8:37 PM IST
Highlights

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരും. ഒരാഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും.
 

മസ്കറ്റ്: ജനിതക മാറ്റം സംഭവിച്ച പുതിയതരം കൊവിഡ് വൈറസ് വ്യാപനം വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഒമാനില്‍ വീണ്ടും യാത്രാ വിലക്ക്. ഡിസംബര്‍ 22 ചൊവ്വാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് കര,വ്യോമ അതിര്‍ത്തികള്‍ അടച്ചിടും. തിങ്കളാഴ്ച ചേര്‍ന്ന സുപ്രീം കമ്മറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരും. ഒരാഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും.

അതേസമയം അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയതായി കുവൈത്ത് അറിയിച്ചു. കുവൈത്തിലെ കര,വ്യോമ അതിര്‍ത്തികളും അടച്ചിടും. തിങ്കളാഴ്ച രാത്രി 11 മണി മുതല്‍ ജനുവരി ഒന്ന് വരെ രാജ്യാതിര്‍ത്തികള്‍ അടയ്ക്കുകയും അന്താരാഷ്ട്ര കൊമേഴ്‌സ്യല്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തതായി ഗവണ്‍മെന്റ് ഓഫീസ് വ്യക്തമാക്കി. 

സൗദി അറേബ്യയും ഒരാഴ്ചത്തേക്ക് അത്യാവശ്യ സർവീസൊഴികെ എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവെച്ചിരുന്നു. കര, നാവിക, വ്യോമമാർഗങ്ങളിലൂടെ രാജ്യത്തേക്കുള്ള പ്രവേശനത്തിനും ഒരാഴ്ചത്തേക്ക് വിലക്കുണ്ടാവും. ഇതേ തുടര്‍ന്ന് സൗദി അറേബ്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കിയതായി എമിറേറ്റ്‌സ്, ഇത്തിഹാദ്, എയര്‍ അറേബ്യ എന്നീ എയര്‍ലൈനുകള്‍ അറിയിച്ചു.

click me!