ഇന്ത്യ-യുഎഇ സഹകരണം ശക്തമാക്കാനായി സുഷമ സ്വരാജ് അബുദാബിയില്‍

By Web TeamFirst Published Dec 4, 2018, 4:43 AM IST
Highlights

ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള  ബന്ധം ഏറ്റവുംമികച്ച രീതിയിൽ മുന്നോട്ടുപോകുന്ന സമയത്ത് നടക്കുന്ന വിദേശകാര്യമന്ത്രിയുടെ സന്ദർശനം കൂടുതൽ പങ്കാളിത്തങ്ങൾക്കും സഹകരണത്തിനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അബുദാബി:  ഇന്ത്യ-യുഎഇ ജോയിന്‍റ് കമ്മിഷനിൽ പങ്കെടുക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അബുദാബിയിലെത്തി. യുഎഇ  ഭരണാധികാരികളുമായുള്ള സുഷമയുടെ കൂടിക്കാഴ്ചയില്‍ സാമ്പത്തിക, സാങ്കേതിക മേഖലകളിൽ സഹകരണത്തിന്‍റെ പുത്തൻ സാധ്യതകൾ ഉരുത്തിരിയുമെന്നാണ് വിലയിരുത്തല്‍. ചൊവ്വാഴ്ച്ച അബുദാബി ഐ.എസ്.സിയില്‍ രാജ്യത്തെ ഇന്ത്യന്‍സമൂഹത്തെ മന്ത്രി അഭിസംബോധന ചെയ്യും.

സാമ്പത്തിക സാങ്കേതിക രംഗങ്ങളിലെ സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഇന്ത്യ-യു.എ.ഇ. ജോയിന്റ് കമ്മിഷൻ മീറ്റിങ്ങില്‍ പങ്കെടുക്കാനെത്തുന്ന മന്ത്രി യു.എ.ഇ. വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തിന്റെയും സായിദ് വർഷാചരണത്തിന്റെയും ഭാഗമായി ഗാന്ധി സായിദ് ഡിജിറ്റൽ മ്യൂസിയത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. 

നാളെ വൈകീട്ട് ആറുമണിക്ക് അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്‍റിറില്‍ ഇന്ത്യൻ സമൂഹവുമായി മന്ത്രി സംവദിക്കും. ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള സാമ്പത്തിക-സാംസ്കാരിക-വാണിജ്യ ബന്ധം ഏറ്റവുംമികച്ച രീതിയിൽ മുന്നോട്ടുപോകുന്ന സമയത്ത് നടക്കുന്ന വിദേശകാര്യമന്ത്രിയുടെ സന്ദർശനം കൂടുതൽ പങ്കാളിത്തങ്ങൾക്കും സഹകരണത്തിനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

click me!