ക്യാമറ വിച്ഛേദിച്ച ശേഷം ടാക്സിയില്‍ വെച്ച് പീഡനശ്രമം; ദുബായില്‍ പ്രവാസി ഡ്രൈവര്‍ അറസ്റ്റില്‍

By Web TeamFirst Published Jan 7, 2020, 10:59 PM IST
Highlights

ദുബായ് മീഡിയ സിറ്റി ഏരിയയില്‍ നിന്ന് ടാക്സിയില്‍ കയറിയ യുവതി കാറിന്റെ മുന്‍സീറ്റിലാണ് ഇരുന്നത്. സിലിക്കണ്‍ ഒയാസിസിലുള്ള തന്റെ വീട്ടില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടശേഷം ഇവര്‍ ഉറങ്ങുകയായിരുന്നു. 

ദുബായ്: യാത്രയ്ക്കിടയില്‍ ഉറങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിച്ച കുറ്റത്തിന് പ്രവാസിയായ ടാക്സി ‍ഡ്രൈവര്‍ പിടിയിലായി. 31 വയസുകാരിയായ യൂറോപ്യന്‍ പൗരയാണ് പരാതി നല്‍കിയത്. വിജനമായ സ്ഥലത്തുകൊണ്ടുപോയശേഷം തന്നെ ഉപദ്രവിച്ചുവെന്നാണ് ഇവരുടെ പരാതിയില്‍ പറയുന്നത്.

ദുബായ് മീഡിയ സിറ്റി ഏരിയയില്‍ നിന്ന് ടാക്സിയില്‍ കയറിയ യുവതി കാറിന്റെ മുന്‍സീറ്റിലാണ് ഇരുന്നത്. സിലിക്കണ്‍ ഒയാസിസിലുള്ള തന്റെ വീട്ടില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടശേഷം ഇവര്‍ ഉറങ്ങുകയായിരുന്നു. പിന്നീട് കണ്ണ് തുറന്നപ്പോള്‍ നിര്‍മാണം നടക്കുന്ന ഒരു കെട്ടിടത്തിന് സമീപം കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നതാണ് മനസിലായത്. 25കാരനായ ഡ്രൈവര്‍ കാറിന്റെ ഡോര്‍ തുറക്കുകയും തന്നെ ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാളെ തള്ളിമാറ്റുകയും ആക്രോശിക്കുകയും ചെയ്തതോടെ പ്രതി പിന്മാറി.

തിരികെ ഡ്രൈവിങ് സീറ്റില്‍ പോയിരുന്ന് കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ഇയാള്‍, യുവതി മദ്യപിച്ചിട്ടുണ്ടെന്നും താന്‍ പൊലീസിനെ വിളിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കാറില്‍ താമസ സ്ഥലത്ത് എത്തിയശേഷം യുവതി, കാറിന്റെ നമ്പര്‍ കുറിച്ചെടുത്ത് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയുമായി ബന്ധപ്പെട്ടു. ആര്‍ടിഎ അധികൃതരാണ് വിവരം പൊലീസില്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ യുവതി തന്റെ കൈകളില്‍ സ്പര്‍ശിക്കുകയും തന്നെ പ്രകോപിപ്പിക്കുകയും ചെയ്തുവെന്നാണ് ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് കാറിലെ ക്യാമറ വിച്ഛേദിച്ച ശേഷം ഇയാള്‍ ഒറ്റപ്പെട്ട സ്ഥലത്ത് വാഹനം നിര്‍ത്തി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പബ്ലിക് പ്രോസിക്യൂഷന്‍ അധികൃതര്‍ കേസ് ദുബായ് ക്രിമിനല്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്.

click me!