യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് (ഈദ് അൽ ഇത്തിഹാദ്) സ്വകാര്യ മേഖലയ്ക്ക് ഡിസംബർ 2, 3 തീയതികളിൽ പൊതുഅവധി. ഏഴ് എമിറേറ്റുകളും ഒന്നിച്ചതിന്‍റെ സ്മരണാർത്ഥം ഡിസംബർ രണ്ടിനാണ് യുഎഇ ദേശീയ ദിനം ആഘോഷിക്കുന്നത്.

അബുദാബി: ഈ വർഷത്തെ യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് (ഈദ് അൽ ഇത്തിഹാദ്) രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് രണ്ട് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു. ഡിസംബർ 2, ഡിസംബർ 3 എന്നീ ദിവസങ്ങളിലായിരിക്കും സ്വകാര്യ മേഖലയ്ക്ക് അവധിയെന്ന് യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം സ്ഥിരീകരിച്ചു. പൊതുമേഖലാ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ അവധി നേരത്തെ അധികൃതർ പ്രഖ്യാപിച്ചിരുന്നു. ശനി, ഞായർ വാരാന്ത്യ അവധി ലഭിക്കുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഡിസംബർ 4 വെള്ളിയാഴ്ച കൂടി വാർഷിക അവധി എടുക്കുകയാണെങ്കിൽ ആകെ അഞ്ച് ദിവസത്തെ നീണ്ട അവധി ആഘോഷിക്കാൻ സാധിക്കും. വർഷാവസാനത്തെ ഏറ്റവും വലിയ അവധി ദിനങ്ങളാണ് പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാരെ കാത്തിരിക്കുന്നത്.

ഏഴ് എമിറേറ്റുകളും ഒന്നിച്ചതിന്‍റെ സ്മരണാർത്ഥം ഡിസംബർ രണ്ടിനാണ് യുഎഇ ദേശീയ ദിനം ആഘോഷിക്കുന്നത്. 'യൂണിയന്‍റെ ആഘോഷം' എന്നർത്ഥം വരുന്ന 'ഈദ് അൽ ഇത്തിഹാദ്' എന്ന പേരിലാണ് ദേശീയ ദിനാഘോഷങ്ങൾ അറിയപ്പെടുന്നത്. രാഷ്ട്രപിതാക്കൾ ഈ ദിനത്തെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചിരുന്ന യഥാർത്ഥ അറബിക് പദത്തിലേക്കുള്ള തിരിച്ചുപോക്കാണിത്. കഴിഞ്ഞ 55 വർഷമായി രാജ്യത്തിന്റെ വളർച്ചയ്ക്ക് കരുത്തേകിയ കുടുംബങ്ങളെയും തലമുറകളെയും സമൂഹത്തെയും ആദരിച്ചുകൊണ്ടുള്ള ആഘോഷങ്ങൾക്കാണ് ഈ വർഷം യുഎഇ ഒരുങ്ങുന്നത്. യുഎഇ 'കുടുംബ വർഷമായി' ആചരിക്കുന്ന ഈ വേളയിൽ കുടുംബബന്ധങ്ങളുടെ ഭദ്രതയ്ക്കും മൂല്യങ്ങൾക്കും വലിയ പ്രാധാന്യമാണ് നൽകുന്നത്.

2025ൽ യുഎഇ പാസാക്കിയ നിയമപ്രകാരം ചില പൊതുഅവധികൾ ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ സാധിക്കും. കഴിഞ്ഞ വർഷം ചൊവ്വ, ബുധൻ ദിവസങ്ങളിൽ വരേണ്ടിയിരുന്ന ദേശീയ ദിന അവധി തിങ്കൾ, ചൊവ്വ ദിവസങ്ങളിലേക്ക് മാറ്റിയതിലൂടെ താമസക്കാർക്ക് നാല് ദിവസത്തെ വാരാന്ത്യ അവധി ലഭിച്ചിരുന്നു. എന്നാൽ ഈ വർഷം ഡിസംബർ 2, 3 തീയതികളിൽ തന്നെയാണ് സ്വകാര്യ മേഖലയ്ക്ക് അവധി നൽകിയിരിക്കുന്നത്.