കൊവിഡ് വാക്സിന്‍; അബുദാബിയില്‍ മുന്‍ഗണനാ വിഭാഗത്തില്‍ അധ്യാപകരും

By Web TeamFirst Published Sep 21, 2020, 1:21 PM IST
Highlights

അധ്യാപകരുടെയും സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരുടയെും ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കും വാക്‌സിന്‍ സ്വീകരിക്കാം. ഇവര്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം.

അബുദാബി: അബുദാബിയിലെ പബ്ലിക് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാമെന്ന് അധികൃതര്‍. യുഎഇ ഉള്‍പ്പെടെ നാല് അറബ് രാജ്യങ്ങളില്‍ ട്രയല്‍ നടത്തിയ വാക്‌സിന്‍ ലഭിക്കുന്നതിനുള്ള മുന്‍ഗണനാ വിഭാഗത്തില്‍ പബ്ലിക് സ്‌കൂളുകളിലെ അധ്യാപകര്‍, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍, ഇവരുടെ അടുത്ത കുടുംബാംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി.

സ്‌കൂളുകളിലെ പ്രിന്‍സിപ്പാള്‍മാര്‍ക്ക് ഇതു സംബന്ധിച്ച് ഔദ്യോഗിക സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്. കൊവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികള്‍ വാക്‌സിന്‍ നല്‍കാന്‍ യുഎഇ അടിയന്തര അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍ഗണനാ വിഭാഗത്തില്‍ അധ്യാപകരെയും സ്‌കൂള്‍ ജീവനക്കാരെയും കൂടി ഉള്‍പ്പെടുത്തുന്നത്. 

അധ്യാപകരുടെയും സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരുടയെും ഏറ്റവും അടുത്ത ബന്ധുക്കള്‍ക്കും വാക്‌സിന്‍ സ്വീകരിക്കാം. ഇവര്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം. വാക്‌സിന്‍ സ്വീകരിക്കാന്‍ സന്നദ്ധരായിട്ടുള്ള അധ്യാപകര്‍ സെപ്തംബര്‍ 24ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചതായി 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. 

അതേസമയം യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രി അബ്‍ദുല്‍ റഹ്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസ് ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു. രാജ്യത്ത് മൂന്നാം ഘട്ട പരീക്ഷണം തുടരുന്ന വാക്സിന്റെ ആദ്യ ഡോസാണ് മന്ത്രി സ്വീകരിച്ചത്. വാക്സിന്‍ പരീക്ഷണത്തിന്റെ ഇതുവരെയുള്ള ഘട്ടം വിജയകരണമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങാന്‍ അധികൃതര്‍ അനുമതി നല്‍കിയത്.


 

click me!