സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് 12കാരിക്ക് ഭീഷണി; കൗമാരക്കാരന്‍ അറസ്റ്റില്‍

By Web TeamFirst Published Mar 30, 2021, 3:26 PM IST
Highlights

പെണ്‍കുട്ടിയുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് എടുത്ത 15കാരന്‍ ചില ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഇത് ഡിലീറ്റ് ചെയ്യുന്നതിന് വേണ്ടി ഇയാള്‍ പെണ്‍കുട്ടിയോട് പണം ആവശ്യപ്പെട്ടു.

ദുബൈ: സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് 12കാരിയെ ഭീഷണിപ്പെടുത്തിയ കൗമാരക്കാരന്‍ ദുബൈയില്‍ അറസ്റ്റില്‍. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ചില സ്വകാര്യ ചിത്രങ്ങള്‍ നീക്കം ചെയ്യണമെങ്കില്‍ പണം നല്‍കണമെന്നും 15കാരനായ അറബ് സ്വദേശി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി സൈബര്‍ ക്രൈം ഡെപ്യൂട്ടി ഡയറക്ടര്‍ ക്യാപ്റ്റന്‍ അബ്ദുല്ല അല്‍ ഷെഹി പറഞ്ഞു.

ഇയാള്‍ ഭീഷണിപ്പെടുത്തിയ വിവരം പെണ്‍കുട്ടി തന്റെ ബന്ധുവിനെ അറിയിക്കുകയായിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ കുടുംബമാണ് ദുബൈ പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് എടുത്ത 15കാരന്‍ ചില ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഇത് ഡിലീറ്റ് ചെയ്യുന്നതിന് വേണ്ടി ഇയാള്‍ പെണ്‍കുട്ടിയോട് പണം ആവശ്യപ്പെട്ടതായി ക്യാപ്റ്റന്‍ അല്‍ ഷെഹി വ്യക്തമാക്കി. വ്യാജ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും പങ്കുവെച്ച ചിത്രങ്ങള്‍ വീണ്ടെടുത്ത് നശിപ്പിക്കാനും പെണ്‍കുട്ടിയുടെ കുടംബം പൊലീസിന്റെ സഹായം ആവശ്യപ്പെട്ടു.

പരാതി ലഭിച്ച ഉടന്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് പെണ്‍കുട്ടിയുടെ ചിത്രങ്ങളും സംഭാഷണങ്ങളും പൊലീസ് കണ്ടെടുത്തു. ഇക്കാര്യം വീട്ടില്‍ പറയാന്‍ പെണ്‍കുട്ടിക്ക് പേടിയുണ്ടായിരുന്നു എന്നത് പ്രതി മുതലെടുക്കുകയായിരുന്നെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ വഴിയുള്ള ഇത്തരം തട്ടിപ്പുകളില്‍ അകപ്പെടരുതെന്നും ഇങ്ങനെയുള്ള സംഭവങ്ങളില്‍പ്പെട്ടാല്‍ പൊലീസില്‍ അറിയിക്കണമെന്നും ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി. 
 

click me!