
കുവൈത്ത് സിറ്റി: കുവൈത്തിൽ കനത്ത ചൂടും ഉയർന്ന ആർദ്രതയും അനുഭവപ്പെടുമെന്നും പ്രത്യേകിച്ച് തീരദേശ മേഖലകളിൽ വൈകുന്നേരങ്ങളിൽ രൂപപ്പെടുന്ന കടുത്ത മൂടൽമഞ്ഞ് മൂലം കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ പ്രഭാവവും അതിനോടനുബന്ധിച്ചുള്ള ചൂടും ഈർപ്പവുമുള്ള കാറ്റുമാണ് രാജ്യത്തെ കാലാവസ്ഥയെ സ്വാധീനിക്കുന്നതെന്ന് കേന്ദ്രം ആക്ടിംഗ് ഡയറക്ടർ ധരാർ അൽ-അലി വ്യക്തമാക്കി.
ബുധനാഴ്ച വൈകുന്നേരത്തോടെ തീരദേശ മേഖലകളിൽ ആർദ്രത വർധിക്കുമെന്നാണ് കാലാവസ്ഥാ ഭൂപടങ്ങളും ന്യൂമറിക്കൽ മോഡലുകളും സൂചിപ്പിക്കുന്നത്. കാറ്റിന്‍റെ ദിശ മാറിമറിയുമെങ്കിലും പ്രധാനമായും മണിക്കൂറിൽ 6 മുതൽ 26 കിലോമീറ്റർ വരെ വേഗതയുള്ള തെക്ക്-കിഴക്കൻ കാറ്റടിക്കാനാണ് സാധ്യത. ഇതിന്റെ ഫലമായി വൈകുന്നേരങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടുകയും കാഴ്ചപരിധി കുറയുകയും ചെയ്യും. പകൽ സമയങ്ങളിൽ പൊതുവെ കടുത്ത ചൂടും ഉയർന്ന ഈർപ്പവും അനുഭവപ്പെടുമ്പോൾ, രാത്രി കാലങ്ങളിൽ ചൂടുള്ളതും ആർദ്രത നിറഞ്ഞതുമായ കാലാവസ്ഥയായിരിക്കും. രാജ്യത്തെ പരമാവധി താപനില 47 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 29 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയും രേഖപ്പെടുത്താൻ സാധ്യതയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam