ഫൈസര്‍ വാക്‌സിന്റെ പത്താമത് ബാച്ച് നാളെ കുവൈത്തിലെത്തും

By Web TeamFirst Published Mar 27, 2021, 12:59 PM IST
Highlights

കുവൈത്തില്‍ ഇതുവരെ ഒമ്പതര ലക്ഷം ഡോസ് ഫൈസര്‍ വാക്‌സിനാണ് എത്തിച്ചത്. കൊവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ ഡോസ് വാക്‌സിന്‍ ലഭിക്കേണ്ടതുണ്ട്.

കുവൈത്ത് സിറ്റി: ഫൈസര്‍-ബയോണ്‍ടെക് കൊവിഡ് വാക്‌സിന്റെ പത്താമത് ബാച്ച് ഞായറാഴ്ച കുവൈത്തിലെത്തും. ഒരു ലക്ഷം ഡോസ് വാക്‌സിനാണ് എത്തുക. ആരോഗ്യമന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അല്‍ ബദര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കുവൈത്തില്‍ ഇതുവരെ ഒമ്പതര ലക്ഷം ഡോസ് ഫൈസര്‍ വാക്‌സിനാണ് എത്തിച്ചത്. കൊവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ ഡോസ് വാക്‌സിന്‍ ലഭിക്കേണ്ടതുണ്ട്. നിലവില്‍ ഫൈസര്‍ ബയോണ്‍ടെക്, ഓക്‌സ്ഫഡ് ആസ്ട്രസെനക്ക വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്.

അതേസമയം കുവൈത്തില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 10 ലക്ഷം കടന്നു. സ്വദേശികളും വിദേശികളുമുള്‍പ്പെടെയുള്ളവരുടെ കണക്കാണിത്. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്ന് മുന്‍ഗണനാടിസ്ഥാനത്തില്‍ അപ്പോയിന്റ്‌മെന്റ് നല്‍കിയാണ് വാക്‌സിനേഷന്‍. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞാല്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കും. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കേണ്ടതിന്റെ തീയതി ഇതില്‍ രേഖപ്പെടുത്തും. രണ്ടാം ഡോസ് തീയതി ഓര്‍മ്മപ്പെടുത്താന്‍ മൊബൈല്‍ ഫോണിലേക്ക് സന്ദേശം അയയ്ക്കും. വാക്‌സിന്‍ സ്വീകരിച്ച ആര്‍ക്കും ഇതുവരെ പാര്‍ശ്വഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 


 

click me!