ദൈവത്തിന് നന്ദി ! യുഎഇ കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ചെന്ന് ശൈഖ് മുഹമ്മദ്

By Web TeamFirst Published Oct 6, 2021, 3:30 PM IST
Highlights

'രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിവരുമ്പോള്‍  ദൈവത്തിന് നന്ദി പറയുകയാണെന്ന്' യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് രാജ്യം കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ചതായി അദ്ദേഹം പറഞ്ഞത്. 

അബുദാബി: കഴിഞ്ഞ മൂന്ന് ദിവസങ്ങളായി പ്രതിദിന കൊവിഡ് കണക്കുകള്‍ ഇരുനൂറിന് താഴെ തന്നെ തുടരുന്ന യുഎഇയില്‍ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിവരുന്നു. കുട്ടികള്‍ സ്‍കൂളുകളിലേക്ക് മടങ്ങിയെത്തിയതും ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതും പ്രവാസികള്‍ സാധാരണ പോലെ യാത്ര തുടങ്ങിയതും രാജ്യം വലിയ പ്രതിസന്ധിയെ അതിജീവിച്ചതിന്റെ അടയാളങ്ങളായാണ് വിലയിരുത്തപ്പെടുന്നത്.

'രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിവരുമ്പോള്‍  ദൈവത്തിന് നന്ദി പറയുകയാണെന്ന്' യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് രാജ്യം കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ചതായി അദ്ദേഹം പറഞ്ഞത്. 
 
യുഎഇയില്‍ കൊവിഡിന്റെ ദുര്‍ഘടമായ കാലഘട്ടം അവസാനിച്ചുവെന്ന് അടുത്തിടെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അറിയിച്ചിരുന്നു. പ്രതിസന്ധി കാലത്ത് യുഎഇ ഒരൊറ്റ സംഘമായി പ്രവര്‍ത്തിച്ചുവെന്നും ലോകത്തു തന്നെ കൊവിഡിനെ മികച്ച രീതിയില്‍ നേരിട്ട രാജ്യങ്ങളിലൊന്നായി മാറാന്‍ അതുവഴി സാധിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

നേരത്തെ കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങളും നിബന്ധനകളും നിലനിന്നിരുന്ന യുഎഇയില്‍ ഇപ്പോള്‍ പടിപടിയായി ഇളവുകള്‍ അനുവദിക്കുകയാണ്. ജനസംഖ്യ അടിസ്ഥാനപ്പെടുത്തിയുള്ള വാക്സിനേഷന്‍ നിരക്കിലും ലോകത്ത് മുന്‍പന്തിയിലാണ് യുഎഇ നിലകൊള്ളുന്നത്. 2.2 കോടി ഡോസ് വാക്സിന്‍ നല്‍കിയ രാജ്യത്ത് 100 പേര്‍ക്ക് 205 ഡോസ് എന്ന കണക്കിലാണ് ഇപ്പോഴത്തെ വാക്സിനേഷന്‍. 95 ശതമാനത്തോളം പേര്‍ ഒന്നാം ഡോസ് വാക്സിനും 85 ശതമാനം പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. 

click me!