
ദുബൈ: മാര്‍ച്ച് 29: വേള്‍ഡ് എക്‌സ്‌പോ 2020യില്‍ ഖസാഖിസ്താന്റെ ദേശീയ പവലിയനില്‍ 'നോറിസ് മെയ്‌റാമി' എന്ന സ്പ്രിംഗ് ഇക്വിനോക്‌സ് ഡേ ആഘോഷ പരിപാടികള്‍ ഒരുക്കി. ആഘോഷ ഭാഗമായി എക്‌സിബിഷനിലെ അതിഥികള്‍ക്കായി നാടോടി സംഘങ്ങളായ 'അഖ്‌ജെലെന്‍', 'ടര്‍ലാന്‍', കൂടാതെ നൃത്ത സംഘങ്ങളായ 'ഓര്‍ഡ', 'നാസ്' എന്നിവയിലെ കലാകാരന്മാരുടെ പങ്കാളിത്തത്തോടെ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചു.
അവധിക്കാലം കണക്കിലെടുത്ത് പവലിയന് മുന്നില്‍ മരച്ചട്ട കൊണ്ട് വൃത്താകൃതിയില്‍ ഒരു തമ്പ് നിര്‍മ്മിച്ചിരിക്കുന്നു. അവിടെ ഖസാഖ് ജനതയുടെ പാരമ്പര്യങ്ങളും ആചാരങ്ങളും പ്രതിഫലിപ്പിക്കുന്ന നാടകാവതരണമുണ്ടായിരുന്നു. ഇതു കൂടാതെ, പവലിയനിലെ അതിഥികള്‍ക്കായി ഖസാഖ്, ഓറിയന്റല്‍ വിഭവങ്ങളുടെ പാചകവും നടത്തി. ഖസാഖിസ്താന്റെ സ്വാദിഷ്ഠ പരമ്പരാഗത വിഭവങ്ങളായ ബോയിര്‍സാക്‌സ്, നോറിസ് കൊസ്‌ഹെ എന്നിവ തയാറാക്കിയതിനെ സന്ദര്‍ശകര്‍ പ്രശംസിച്ചു.
ഖസാഖിസ്താന്റെ ജനകീയ ഗായകനായ ദിമാഷ് കുദായ്‌ബെര്‍ജന്‍ പവലിയന്‍ സന്ദര്‍ശിച്ചു. ഖസാഖിസ്താനില്‍ നിന്നും രാജ്യാന്തര സംഗീത അവാര്‍ഡ് നേടിയ ദിമാഷിന്റെ സാന്നിധ്യത്തില്‍ പവലിയന്‍ വേദിയിലെ കലാകാരന്മാരുടെ നാടന്‍കലാ പ്രകടനങ്ങളും, മാനുഷികവും നിര്‍മ്മിത ബുദ്ധി(എഐ)യിലധിഷ്ഠിതവുമായ ഇടപെടല്‍ പ്രതിനിധീകരിക്കുന്ന അക്രോബാറ്റിക്‌സ്, റോബോട്ടിക്‌സ് ഘടകങ്ങളുള്ള സമാപന പ്രദര്‍ശനം എന്നിവയും പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ''നോറിസ് മെയ്‌റാമി'യുടെ ആഘോഷത്തിന്റെ അന്തരീക്ഷം പവലിയനിലെ അതിഥികളെ നന്നായി ആകര്‍്ഷിച്ചു'' -എക്‌സ്‌പോ 2020യിലെ ഖസാഖിസ്താന്‍ ദേശീയ വിഭാഗം
കമ്മീഷണര്‍ ജനറല്‍ അലന്‍ ചൈജുനുസോവ് അഭിപ്രായപ്പെട്ടു.
ഞങ്ങള്‍ക്ക് ഈ ആഘോഷം ഏകതയുടേത് കൂടിയാണ്. ഖസാഖിസ്താനില്‍ താമസിക്കുന്നവര്‍ക്കെല്ലാം ഒരുപോലെ പ്രധാനപ്പെട്ടതുമാണ്. ഇത്തരമൊരു വലിയ വേദിയില്‍ ഇങ്ങനെയൊരു ആഘോഷത്തിന് അവസരമൊരുക്കിയത് ഖസാഖിസ്താന്റെ ആതിഥ്യത്തിന്റെയും നന്മയുടെയും സൗമനസ്യത്തിന്റെയും ആദരവായി കാണുകയാണ് -അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 20ന് ഖസാഖിസ്താന്‍ പവലിയനില്‍ പത്ത് ലക്ഷം തികച്ച സന്ദര്‍ശകന്‍ എത്തിയിരുന്നു. പ്രതിദിനം ശരാശരി 8,000 പേര്‍ പവലിയന്‍ സന്ദര്‍ശിക്കുന്നുണ്ട്. പിക്ചര്‍ ഓഫ് ദി വേള്‍ഡ്' എന്ന ആര്‍ട്ട് പ്രൊജക്ട് ആണ് പവലിയന്റെ പ്രധാന ആകര്‍ഷണം. ഇത് ബ്രഷ് ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ വരച്ചത് എന്ന ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് നേടി.
വിനോദ സഞ്ചാര താല്‍പ്പര്യത്തിന് പുറമെ, അന്താരാഷ്ട്ര ബിസിനസ്സ് വൃത്തങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന ബിസിനസ് താല്‍പ്പര്യവും പവലിയനുണ്ട്. ആറു മാസത്തിനിടെ, കോണ്‍ഫറന്‍സുകള്‍, ഫോറങ്ങള്‍, ബി 2 ബി മീറ്റിംഗുകള്‍, കൂടാതെ, രാജ്യത്തിന്റെ നിക്ഷേപം, ടൂറിസം സാധ്യതകള്‍, ശാസ്ത്ര-വിദ്യാഭ്യാസ സംരംഭങ്ങള്‍ എന്നിവയെ കുറിച്ചുള്ള പ്രോജക്ടുകള്‍ ഉള്‍പ്പെടുന്ന 30ലധികം ബിസിനസ് പരിപാടികളും ഖസാക്കിസ്താന്‍ പവലിയനില്‍ നടന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam