എക്സ്പോ സ്വിസ് പവലിയനില്‍ വിദഗ്ധര്‍ ഒത്തുചേര്‍ന്ന ബഹിരാകാശ വാരാചരണത്തിന് സമാപനമാവുന്നു

By Web TeamFirst Published Oct 25, 2021, 3:59 PM IST
Highlights

സ്വിസ് പവലിയനില്‍ സംഘടിപ്പിച്ച ബഹിരാകാശ വാരാചരണത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരെ കണ്ടുമുട്ടാന്‍ സാധിച്ചതിലും ഏറെ സന്തോഷമുണ്ടെന്ന് പ്രമുഖ സ്വിസ് ബഹിരാകാശ വിദഗ്ധന്‍ പ്രൊഫ. ക്ലൌഡ് നികോളര്‍ അഭിപ്രായപ്പെട്ടു. 

ദുബൈ: എക്സ്പോ 2020ലെ സ്വിസ് പവലിയനില്‍ അന്താരാഷ്‍ട്ര ബഹിരാകാശ വാരത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട പരിപാടികള്‍ നൂറുകണക്കിന് സന്ദര്‍ശകരുടെയും  ബഹിരാകാശ കുതുകികകളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സുസ്ഥിരമായ ബഹിരാകാശ പദ്ധതികള്‍, റേഡിയോ ആസ്‍ട്രോണമി, ബഹിരാകാശ അവശിഷ്‍ടങ്ങളുടെ മാനേജ്‍മെന്റ്, യുവജനങ്ങളെ ലക്ഷ്യം വെച്ചുള്ള വിദ്യാഭ്യാസ പരിപാടികള്‍ തുടങ്ങിയ വിഷയങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഒത്തുചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തി.

സ്വിസ് പവലിയനില്‍ സംഘടിപ്പിച്ച ബഹിരാകാശ വാരാചരണത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരെ കണ്ടുമുട്ടാന്‍ സാധിച്ചതിലും ഏറെ സന്തോഷമുണ്ടെന്ന് പ്രമുഖ സ്വിസ് ബഹിരാകാശ വിദഗ്ധന്‍ പ്രൊഫ. ക്ലൌഡ് നികോളര്‍ അഭിപ്രായപ്പെട്ടു. ബഹിരാകാശ രംഗത്തെ സ്വിറ്റ്സര്‍ലന്റിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ സാധിച്ചത് വലിയൊരു അവസരമാണ്. ഇതൊരു മികച്ച പ്രചോദനവും അറിവും ലോകത്തിന്റെ നല്ല ഭാവിയിലേക്കുള്ള ചുവടുവെപ്പുമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നുള്ള പ്രൊഫ. ജീന്‍ പോള്‍ നീബ്, ബഹിരാകാശ രംഗത്തെ സുസ്ഥിര പദ്ധതികളെക്കുറിച്ചും തങ്ങളുടെ സുസ്ഥിരതാ റേറ്റിങിനെപ്പറ്റിയും വിശദീകരിച്ചു. വാണിജ്യാടിസ്ഥാനത്തിലുള്ള പദ്ധതികളിലേക്ക് നീങ്ങുന്ന അവസരത്തില്‍ ഏറെ പ്രധാന്യമുള്ളതായിരുന്നു ഈ വിഷയം. ഇന്ത്യയില്‍ നിന്നുള്ള ബഹിരാകാശ വിദഗ്ധരടങ്ങുന്ന ഉന്നത പ്രതിനിധി സംഘവും ഈ അവതരണം ശ്രവിക്കാനെത്തിയിരുന്നു.

പ്രൊഫ. നികോളിയറും ജാപ്പനീസ് സ്‍പേസ് ഏജന്‍സിയായ ജാക്സയിലെ മുന്‍ ബഹിരാകാശ യാത്രികനുമായ പ്രൊഫ. നഒകോ യമാസാകിയും ചേര്‍ന്ന് അവതരിപ്പിച്ച പ്രത്യേക സെഷന്‍ ബഹിരാകാശ ദൗത്യങ്ങളിലേക്ക് ഓരോ ബഹിരാകാശ യാത്രികനെയും മുന്നോട്ട് നയിക്കുന്ന ഘടങ്ങളെക്കുറിച്ചുള്ളതായിരുന്നു. യുഎഇ സര്‍വകലാശാലയുമായും ജാപ്പനീസ് പവലിയനുമായും ചേര്‍ന്ന് സംഘടിപ്പിച്ച ഈ സെഷന്‍ ഇരുവരുടെയും വ്യക്തപരമായ അനുഭവങ്ങളിലേക്ക് വെളിച്ചം വീശി.

ഇ.പി.എഫ്.എല്‍ ഇ-സ്‍പെയ്സില്‍ നിന്നുള്ള ഇമ്മാനുവല്‍ ഡേവിഡും സ്‍പേസ് അറ്റ് യുവര്‍ സര്‍വീസിലെ കോള്‍ കാരിയും യുഎഇ സര്‍വകലാശാലയിലെ ഡോ ആഖിബ് മോയിനും ചേര്‍ന്ന് അവതരിപ്പിച്ച സംയുക്ത വര്‍ക്ക്ഷോപ്പില്‍ യുവജന ശാക്തീകരണത്തിലേക്കുള്ള പാത, ബഹിരാകാശ ശാസ്‍ത്രവും വിദ്യാര്‍ത്ഥികളിലെ സുസ്ഥിരതയും തുടങ്ങിയ വിഷയങ്ങള്‍ പ്രതിപാദിച്ചു. യുഎഇ സര്‍വകലാശാലയുമായി സഹകരിച്ചായിരുന്നു ഈ സെഷന്‍. 

ക്ലിയര്‍സ്‍പേസ് ഏജന്‍സിയിലെ ലൂക് പിഗൂ, ടെക്സാസ് യൂണിവേഴ്‍സിറ്റിയിലെ പ്രൊഫ. മൊറിബ ജാ, ബേണ്‍ സര്‍വകലാശാലയിലെ ഓസ്റ്റിന്‍, പ്രൊഫ. തോമസ് ഷ്ലിഡ്ക്നെറ്റ് എന്നിവ്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചയില്‍ വര്‍ദ്ധിച്ചുവരുന്ന ബഹിരാകാശ അവശിഷ്‍ടങ്ങളെക്കുറിച്ചുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി. ബ്രസീലിയന്‍ ബഹിരാകാശ ഏജന്‍സിയില്‍ നിന്നുള്ള വിദഗ്ധര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തു.

വിദ്യാഭ്യാസ, ഗവേഷണ, നൂതന രംഗങ്ങളില്‍ സ്വിന്റ്സര്‍ലന്റിനെയും ലോകത്തെയും ബന്ധിപ്പിക്കുന്ന ആഗോള നെറ്റ്‍വര്‍ക്കായ സ്വിസ്‍നെക്സ്, ഇ.പി.എഫ്.എല്‍ സ്‍പേസ് സെന്റര്‍ (ഇ സ്‍പേസ്), ക്ലിയര്‍ സ്‍പേസ്, സ്‍പേസ് അറ്റ് യുവര്‍ സര്‍വീസ്, യുഎഇ സര്‍വകലാശാല, ഓസ്‍ട്രിയയുടെയും ജപ്പാന്റെയും ഇന്ത്യയുടെയും പവലിയനുകള്‍ എന്നിവയുടെ സഹകരണത്തോടെയായിരുന്നു സ്വിസ് പവലിയനില്‍ ബഹിരാകാശ വാരാചരണം സംഘടിപ്പിച്ചത്.

click me!