പ്രവാസികള്‍ക്ക് തിരിച്ചടി; സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു

By Web TeamFirst Published Oct 25, 2021, 1:12 PM IST
Highlights

സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹ്‍മദ് ബിന്‍ സുലൈമാന്‍ അല്‍ രാജിഹിയാണ് പുതിയ മേഖലകളിലെ സ്വദേശിവത്കരണ തീരുമാനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. 

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവത്കരണം (Saudisation) കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. മാര്‍ക്കറ്റിങ് ജോലികള് (Marketing)‍, ഓഫീസ് സെക്രട്ടറി (Office secretary), വിവര്‍ത്തനം (Translation), സ്റ്റോര്‍ കീപ്പര് (Store keeper)‍, ഡേറ്റാ എന്‍ട്രി (Data entry) തുടങ്ങിയ ജോലികളാണ് അടുത്ത ഘട്ടത്തില്‍ സ്വദേശിവത്കരിക്കുന്നത്. സ്വദേശികള്‍ക്ക് അനിയോജ്യമായ തൊഴിലവസരങ്ങള്‍ സൃഷ്‍ടിക്കാനും രാജ്യത്തെ എല്ലാ തൊഴില്‍ മേഖലകളിലും സ്വദേശികളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് തീരുമാനം.

സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹ്‍മദ് ബിന്‍ സുലൈമാന്‍ അല്‍ രാജിഹിയാണ് പുതിയ മേഖലകളിലെ സ്വദേശിവത്കരണ തീരുമാനം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. മാര്‍ക്കറ്റിങ് ജോലികളില്‍ അഞ്ചോ അതില്‍ കൂടുതലോ ജീവനക്കാരുണ്ടെങ്കില്‍ 30 ശതമാനം തസ്‍തികകള്‍ സ്വദേശികള്‍ക്കായി മാറ്റിവെയ്ക്കണം. ഇങ്ങനെ നിയമിക്കപ്പെടുന്ന സ്വദേശികള്‍ക്ക് മിനിമം വേതനം 5500 റിയാലായിരിക്കുകയും വേണം.  വിവര്‍ത്തനം, സ്റ്റോര്‍ കീപ്പര്‍, ഡേറ്റാ എന്‍ട്രി ജോലികളില്‍ സ്വദേശികള്‍ക്ക് 5000 റിയാല്‍ മിനിമം വേതനം നല്‍കണം.

അടുത്ത വര്‍ഷം മേയ് എട്ട് മുതലായിരിക്കും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്വദേശിവത്കരണ തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വരിക. മാര്‍ക്കറ്റിങ് മേഖലയില്‍ 12,000ല്‍ അധികം സ്വദേശികള്‍ക്കും ഓഫീസ് സെക്രട്ടറി, സ്റ്റോര്‍ കീപ്പര്‍, ഡേറ്റാ എന്‍ട്രി, വിവര്‍ത്തനം എന്നീ മേഖലകളില്‍ ഇരുപതിനായിരത്തിലധികം സ്വദേശികള്‍ക്കും തൊഴില്‍ ലഭ്യമാക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. 

click me!