
മസ്‌കറ്റ്: ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഒമാനിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച 'വികസിത ഭാരത് സോളിഡാരിറ്റി റൺ' കായികപ്രേമികളുടെയും പ്രവാസി സമൂഹത്തിന്റെയും വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 7.0-ന്റെ ഭാഗമായി സംഘടിപ്പിച്ച 5 കിലോമീറ്റർ ഓട്ടത്തിൽ ആയിരത്തിലധികം പ്രവാസികളാണ് ആവേശത്തോടെ പങ്കെടുത്തത്.
സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ ആചരിച്ച 'സേവാ പഖ്‌വാഡ'യുടെ സമാപനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പ്രവാസി സമൂഹത്തിന്റെ പിന്തുണയും പങ്കാളിത്തവും ഉറപ്പാക്കുക, കായികക്ഷമതയും ആരോഗ്യശീലങ്ങളും പ്രോത്സാഹിപ്പിക്കുക എന്നീ സന്ദേശങ്ങളാണ് ഈ കൂട്ടായ്മ മുന്നോട്ടുവെച്ചത്.
കുട്ടികളും യുവാക്കളും മുതിർന്നവരും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഓട്ടത്തിൽ പങ്കാളികളായി. "ഫിറ്റ്‌നസ് കി ഡോസ്, ആധ ഘണ്ടാ റോസ്" (ദിനവും അരമണിക്കൂർ കായികക്ഷമതയ്ക്കായി മാറ്റിവെക്കൂ) എന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു ചടങ്ങ്. പ്രാദേശിക സമയം രാവിലെ നടന്ന ചടങ്ങുകൾക്ക് ആവേശം പകർന്ന് വാം-അപ്പ് പരിശീലനങ്ങളും സുംബ ഡാൻസും അരങ്ങേറി. ഓട്ടം വിജയകരമായി പൂർത്തിയാക്കിയവർക്ക് മെഡലുകളും എംബസി വിതരണം ചെയ്തു.
മഹാത്മാഗാന്ധിയുടെ ലാളിത്യം, അച്ചടക്കം, കായികക്ഷമത, സേവന മനോഭാവം എന്നീ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചാണ് ദിനാചരണം സംഘടിപ്പിച്ചതെന്ന് ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ പറഞ്ഞു. പരിപാടി വൻ വിജയമാക്കാൻ സഹകരിച്ച പ്രവാസി സമൂഹത്തിനും സ്പോൺസർമാർക്കും സന്നദ്ധ പ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു. പ്രവാസി ഭാരതീയർക്കിടയിൽ ഐക്യദാർഢ്യവും കായികക്ഷമതയും വളർത്തുന്നതിനൊപ്പം ജന്മനാടിന്റെ വികസന കാഴ്ചപ്പാടുകളിൽ പങ്കാളികളാകാനുള്ള അവസരം കൂടിയായി ഈ ജനകീയ മുന്നേറ്റം മാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam