ദുബായില്‍ കൈക്കൂലി കൊടുക്കാന്‍ ശ്രമം; മൂന്ന് പ്രവാസികള്‍ പിടിയില്‍

By Web TeamFirst Published Feb 12, 2020, 12:19 PM IST
Highlights

കൈക്കൂലി വാഗ്ദാനം ലഭിച്ചതോടെ ടെലികോം കമ്പനി ജീവനക്കാരന്‍ പൊലീസിനെ വിവരമറിയിച്ചു. പണം സ്വീകരിക്കാമെന്ന് പ്രതിയെ അറിയിക്കാനായിരുന്നു പൊലീസ് ഇയാള്‍ക്ക് നിര്‍ദേശം നല്‍കിയത്. 

ദുബായ്: കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് പിടിയിലായ പ്രവാസിക്കെതിരെ ദുബായില്‍ വിചാരണ തുടങ്ങി. ഒരു ടെലികോം കമ്പനിയുടെ സേവന ദാതാവായ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെതിരെയാണ് നടപടി. 30കാരനായ ഇയാള്‍ നേപ്പാളി പൗരനാണ്.

മാനദണ്ഡങ്ങള്‍ പാലിക്കാതെ ഫോണ്‍ വില്‍പ്പന അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതി ടെലികോം കമ്പനി ജീവനക്കാരന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചത്. ഫോണ്‍ അപേക്ഷയ്ക്കൊപ്പം ക്രെഡിറ്റ് കാര്‍ഡ് ഹാജരാക്കണമെന്ന വ്യവസ്ഥ പരിഗണിക്കാതെ അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കണമെന്നും ഇത്തരത്തിലുള്ള ഓരോ ഫോണ്‍ വില്‍പനയ്ക്കും 1500 ദിര്‍ഹം വീതം നല്‍കാമെന്നുമായിരുന്നു ഇയാളുടെ വാഗ്ദാനം. ഇങ്ങനെ ഫോണ്‍ വാങ്ങാന്‍ തയ്യാറായ 63 ഉപഭോക്താക്കള്‍ തന്റെ പക്കലുണ്ടെന്നും 138 ഉപഭോക്താക്കളെ വരെ ലഭിച്ചേക്കുമെന്നും ഇയാള്‍ പറഞ്ഞു. ടെലികോം ജീവനക്കാരന് 65,000 ദിര്‍ഹമായിരുന്നു ആകെ വാഗ്ദാനം.

കൈക്കൂലി വാഗ്ദാനം ലഭിച്ചതോടെ ടെലികോം കമ്പനി ജീവനക്കാരന്‍ പൊലീസിനെ വിവരമറിയിച്ചു. പണം സ്വീകരിക്കാമെന്ന് പ്രതിയെ അറിയിക്കാനായിരുന്നു പൊലീസ് ഇയാള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് ഒരു ഇടപാടിനുള്ള പണം നല്‍കിയതോടെയാണ് ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയത്. 28കാരനായ ഒരു പാകിസ്ഥാന്‍ പൗരന് വേണ്ടിയായിരുന്നു ഇങ്ങനെ പണം നല്‍കിയതെന്ന് പ്രതി വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ അയാളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഈ ഇടപാടുകളില്‍ പങ്കാളിയായ മറ്റൊരു പാകിസ്ഥാന്‍ പൗരനെയും പൊലീസ് പിടികൂടി. ടെലികോം കമ്പനി ജീവനക്കാരന് നല്‍കാനായി ഇയാളില്‍ നിന്ന് പ്രതി 1650 ദിര്‍ഹം കൈപ്പറ്റിയെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. ഒരു ഷോപ്പിങ് സെന്ററിലെ കഫേയില്‍ വെച്ച് പണം കൈമാറുന്നതിനിടെയാണ് ഇവരെ പൊലീസ് കൈയോടെ പിടികൂടിയത്. കേസില്‍ ഫെബ്രുവരി 25ന് വിചാരണ തുടരും.

click me!