17 വയസുകാരിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു; സ്‍ത്രീ ഉള്‍പ്പെടെ മൂന്ന് പ്രവാസികള്‍ക്ക് ശിക്ഷ

By Web TeamFirst Published Sep 27, 2021, 12:55 PM IST
Highlights

ദുബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ പെണ്‍കുട്ടിയെ അല്‍ ബറാഹ ഏരിയയിലെ ഒരു അപ്പാര്‍ട്ട്മെന്റിലേക്കാണ് സംഘം കൊണ്ടുപോയത്. പെണ്‍വാണിഭ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഇവിടെ ജോലി ചെയ്യാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. 

ദുബൈ: ഉയര്‍ന്ന ശമ്പളത്തോടെയുള്ള ജോലി വാഗ്ദാനം ചെയ്‍ത് നാട്ടില്‍ നിന്നെത്തിച്ച പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ച (forced prostitution) സംഭവത്തില്‍ ദുബൈ കോടതി (Dubai Court of First Instance)  ശിക്ഷ വിധിച്ചു. ഒരു സ്‍ത്രീ ഉള്‍പ്പെടെ മൂന്ന് പ്രവാസികള്‍ക്ക് മൂന്ന് വര്‍ഷം  ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. പ്രതികളിരൊലാരാളായ സ്‍ത്രീ രണ്ട് വര്‍ഷം മുമ്പ് നാട്ടില്‍ പോയിരുന്ന സമയത്താണ് 17 വയസുകാരിയായ പെണ്‍കുട്ടിയെ പരിചയപ്പെട്ട് ദുബൈയില്‍ ജോലി വാഗ്ദാനം ചെയ്‍തത്.

2019ല്‍ ദുബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ പെണ്‍കുട്ടിയെ അല്‍ ബറാഹ ഏരിയയിലെ ഒരു അപ്പാര്‍ട്ട്മെന്റിലേക്കാണ് സംഘം കൊണ്ടുപോയത്. പെണ്‍വാണിഭ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഇവിടെ ജോലി ചെയ്യാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. പെണ്‍കുട്ടിയെ കൊണ്ടുവന്ന സ്‍ത്രീയും മറ്റൊരു യുവതിയും  ഇവിടെ ഉണ്ടായിരുന്നു. പെണ്‍കുട്ടിയെ പിന്നീട് ഇവര്‍ ഒരു ഹോട്ടല്‍ മുറിയിലേക്ക് മാറ്റി അവിടെയും ആവശ്യക്കാരെ എത്തിച്ചു. പെണ്‍വാണിഭ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ രണ്ട് പുരുഷന്മാര്‍ പെണ്‍കുട്ടിക്ക് ഓരോ രാത്രിയ്‍ക്കും 1000 ദിര്‍ഹം വീതം നല്‍കിയതായും കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

നിര്‍ബന്ധിത വേശ്യാവൃത്തി സംബന്ധിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം അന്വേഷണം തുടങ്ങിയത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ആവശ്യക്കാരനെന്ന വ്യാജേന വേഷം മാറി ഇവിടെയെത്തുകയും സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ സന്ദേശം നല്‍കി മറ്റ് ഉദ്യോഗസ്ഥരെക്കൂടി എത്തിച്ച് പരിശോധന നടത്തുകയുമായിരുന്നു. രണ്ട് പുരുഷന്മാരെ അവിടെ വെച്ചും സ്‍ത്രീയെ അല്‍ ബറാഹയിലെ മറ്റൊരു മുറിയില്‍വെച്ചുമാണ് അറസ്റ്റ് ചെയ്‍തത്.

മനുഷ്യക്കടത്തിനും പെണ്‍വാണിഭ കേന്ദ്രം നടത്തിയതിനുമാണ് പ്രതികളെ അറസ്റ്റ് ചെയ്‍തത്. പ്രതികള്‍ കുറ്റം നിഷേധിച്ചെങ്കിലും വിചാരണ പൂര്‍ത്തിയാക്കിയ കോടതി മൂവര്‍ക്കും മൂന്ന് വര്‍ഷം വീതം ജയില്‍ ശിക്ഷ വിധിച്ചു. വേശ്യാവൃത്തിയിലേര്‍പ്പെട്ടതിന് സ്‍ത്രീക്ക് ആറ് മാസം കൂടി ജയില്‍ ശിക്ഷയും വിധിച്ചു. ശിക്ഷ അനുവഭവിച്ച ശേഷം എല്ലാവരെയും നാടുകടത്തും. ഇവിടെ നിന്ന് പിടിയിലായ മറ്റൊരു സ്‍ത്രീക്കും ആറ് മാസം ജയില്‍ ശിക്ഷ വിധിച്ചു. മനുഷ്യക്കടത്ത് അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാത്തതിന്  5000 ദിര്‍ഹം പിഴയും ശിക്ഷയുണ്ട്. ഇവരെയും ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തും. 

click me!