ഹണിമൂണിനെന്ന പേരില്‍ നവവധുവിനെ വിദേശത്ത് എത്തിച്ച് പെണ്‍വാണിഭം; ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ശിക്ഷ

By Web TeamFirst Published Jan 16, 2023, 10:24 PM IST
Highlights

സിറിയയില്‍ വെച്ചുനടന്ന വിവാഹത്തിന് ശേഷം ഹണിമൂണ്‍ ട്രിപ്പിനെന്ന പേരിലാണ് യുവതിയെ ഭര്‍ത്താവ് ബഹ്റൈനിലേക്ക് കൊണ്ടുവന്നത്. സെപ്‍റ്റംബര്‍ 18ന് ഇവര്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. ശേഷം ജുഫൈറിലെ ഒരു ഹോട്ടലിലേക്ക് പോയി. 

മനാമ: നവവധുവിനെ വിദേശത്ത് എത്തിച്ച് പെണ്‍വാണിഭം നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ. ബഹ്റൈന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. യുവതിയുടെ ഭര്‍ത്താവും അയാളുടെ ആദ്യ വിവാഹനത്തിലെ മകനും മറ്റൊരാളുമാണ് പ്രതികള്‍.

25 വയസുകാരിയായ യുവതിയെയാണ് 39കാരനായ ഭര്‍ത്താവ് പലര്‍ക്കും കാഴ്ചവെച്ച് പണം വാങ്ങാന്‍ ശ്രമിച്ചത്. ഇയാളുടെ ആദ്യ വിവാഹത്തിലെ മകനായ 21 വയസുകാരനും ഇവരുടെ കുടുംബ സുഹൃത്തായ 49 വയസുകാരനുമാണ് ബഹ്റൈന്‍ പൊലീസിന്റെ പിടിയിലായത്. കേസില്‍ ഉള്‍പ്പെട്ട എല്ലാവരും സിറിയന്‍ പൗരന്മാരാണ്. സാമ്പത്തിക നേട്ടമുണ്ടാക്കാനായി മനുഷ്യക്കടത്തിന് പദ്ധതിയിട്ട് നടത്തിയ നീക്കമായിരുന്നു പ്രതികളുടേതെന്ന് കോടതി കണ്ടെത്തി.

സിറിയയില്‍ വെച്ചുനടന്ന വിവാഹത്തിന് ശേഷം ഹണിമൂണ്‍ ട്രിപ്പിനെന്ന പേരിലാണ് യുവതിയെ ഭര്‍ത്താവ് ബഹ്റൈനിലേക്ക് കൊണ്ടുവന്നത്. സെപ്‍റ്റംബര്‍ 18ന് ഇവര്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. ശേഷം ജുഫൈറിലെ ഒരു ഹോട്ടലിലേക്ക് പോയി. അവിടെ  പ്രതികളെല്ലാവരും ചേര്‍ന്ന് യുവതിയെ പിടിച്ചുവെച്ചു. ഭീഷണിപ്പെടത്തുകയും അപരിചിതരായ ആളുകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു.

എന്നാല്‍ ധൈര്യപൂര്‍വം രക്ഷപ്പെട്ട യുവതി, ബഹ്റൈന്‍ പൊലീസിനെ സമീപിച്ച് സംഭവങ്ങളെല്ലാം വിവരിച്ചു. ഒക്ടോബര്‍ 18നായിരുന്നു ഇക്കാര്യങ്ങള്‍ പൊലീസിന്റെ മുന്നിലെത്തിയത്. ഭര്‍ത്താവ് അപരിചിതരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതിനാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ കാര്യം ഇവര്‍ കോടതിയില്‍ വിചാരണയ്ക്കിടെ ജഡ്ജിമാരുടെ മുന്നില്‍ വിവരിച്ചു. കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ കോടതി മൂന്ന് പ്രതികള്‍ക്കും 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ മൂന്ന് പേരെയും ബഹ്റൈനില്‍ നിന്ന് നാടുകടത്തും.

Read also:  പ്രവാസി യുവാവിനെ ആളുമാറി തല്ലിച്ചതച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്ക് ശിക്ഷ

click me!