ലീവെടുക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്; മൂന്ന് പ്രവാസി ഇന്ത്യക്കാര്‍ അറസ്റ്റില്‍

By Web TeamFirst Published Sep 4, 2020, 7:12 PM IST
Highlights

സംഘത്തിലൊരാളെക്കുറിച്ച് ചില വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടത്തിയത്. ഉദ്യോഗസ്ഥരിലൊരാള്‍ വേഷം മാറി പ്രതികളെ സമീപിക്കുകയായിരുന്നു. 

കുവൈത്ത് സിറ്റി: മെഡിക്കല്‍ ലീവിനായി വ്യാജ രേഖകള്‍ നിര്‍മിച്ചു നല്‍കിയിരുന്ന മൂന്ന് ഇന്ത്യക്കാര്‍ കുവൈത്തില്‍ അറസ്റ്റിലായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് നല്‍കിയിരുന്ന ഇവരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറല്‍ അഡ്‍മിനിസ്ട്രേഷന്‍ ഓഫ് റസിഡന്‍സി അഫയേഴ്‍സ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്.

സംഘത്തിലൊരാളെക്കുറിച്ച് ചില വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടത്തിയത്. ഉദ്യോഗസ്ഥരിലൊരാള്‍ വേഷം മാറി പ്രതികളെ സമീപിക്കുകയായിരുന്നു. മൂന്ന് ദിവസത്തെ അവധിക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പണം നല്‍കിയതോടെ സംഘം വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കി. ഒരു ഡോക്ടറുടെ ഒപ്പും വ്യാജ സീലും ഇതില്‍ രേഖപ്പെടുത്തിയിരുന്നു.

മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്‍ത് വിശദമായ അന്വേഷണം നടത്തി. അഹ്‍മദി, ഫര്‍വാനിയ ഗവര്‍ണറേറ്റുകളിലെ ഹെല്‍ത്ത് സെന്ററുകളില്‍ ജോലി  ചെയ്യുന്ന വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ 14 വ്യാജ സീലുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് ഇവര്‍ സമ്മതിച്ചു. ഒരു ബംഗ്ലാദേശ് സ്വദേശി വഴിയാണ് ഇവ സംഘടിപ്പിച്ചതെന്നും അയാള്‍ ഒരു വര്‍ഷം മുമ്പ് രാജ്യം വിട്ടെന്നും പ്രതികള്‍ മൊഴി നല്‍കി. 

click me!