സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണം; യുഎഇയില്‍ മൂന്ന് ഇന്ത്യക്കാരെ കൂടി പിരിച്ചുവിട്ടു

By Web TeamFirst Published May 3, 2020, 1:22 PM IST
Highlights

ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തിയ മൂന്ന് ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ ജോലി നഷ്ടമായി.

അബുദാബി: സമൂഹിക മാധ്യമത്തിലൂടെ വര്‍ഗീയ പരാമര്‍ശം നടത്തിയ മൂന്ന് ഇന്ത്യക്കാരെ യുഎഇയില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.ദുബായിലെ ഇറ്റാലിയന്‍ റസ്റ്ററന്റില്‍ ഷെഫായ റാവത് രോഹിത്, ഷാര്‍ജയില്‍ സ്റ്റോര്‍കീപ്പറായ സചിന്‍ കിന്നിഗോളി, ക്യാഷ്യര്‍ വിശാല്‍ താകൂര്‍ എന്നിവരെയാണ് നിയമ നടപടികള്‍ക്കായി പൊലീസിന് കൈമാറിയത്. വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന പരാമര്‍ശം നടത്തുന്നവരെ കാത്തിരിക്കുന്നത്  നാടുകടത്തല്‍ അടക്കമുള്ള നടപടികളാണ്. 

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ച ഇവരുടെ ശമ്പളം പിടിച്ചുവെച്ചതായും മതപരമായ വിവേചനം പ്രകടിപ്പിക്കുന്നവരെ ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്നും കമ്പനി മാനേജ്‌മെന്റ് വ്യക്തമാക്കി. പിഴ, ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍, നാടുകടത്തല്‍ തുടങ്ങിയ അച്ചടക്ക നടപടികളാണ് യുഎഇ സൈബര്‍ നിയമമനുസരിച്ച് കുറ്റക്കാര്‍ക്കെതിരെ സ്വീകരിക്കുക.

അടുത്തകാലത്ത്  ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന തരത്തില്‍ പരാമര്‍ശം  നടത്തിയതിന് ഗള്‍ഫ് നാടുകളില്‍ ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഗള്‍ഫിലെ ഇന്ത്യന്‍ സ്ഥാനപതികള്‍ ഇത്തരം പ്രവണതകളില്‍ നിന്ന് മാറിനില്‍ക്കാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

പൗരത്വനിയമത്തിനെതിരെ പ്രതികരിച്ച ഡല്‍ഹിയിലെ നിയമവിദ്യാര്‍ഥിയെ ബലാല്‍സംഗം ചെയ്യുമെന്ന് പ്രഖ്യാപിച്ച  ഇന്ത്യക്കാരനെതിരെ യുഎഇ രാജകുടുംബാഗം അടക്കം നേരത്തെ രംഗത്തെത്തിയിരുന്നു. അന്നം തേടുന്ന നാട്ടിലെ ജനങ്ങളെ  പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവര്‍ക്ക് രാജ്യം വിടേണ്ടിവരുമെന്നായിരുന്നു  ഹിന്ദ് അല്‍ ഖാസിമി രാജകുമാരിയുടെ മറുപടി. ഇതിനുപിന്നാലെ ഒമാന്‍, ഖത്തര്‍, സൗദി, ബഹ്റൈന്‍, കുവൈത്ത് തുടങ്ങിയ അറബ് രാഷ്ട്രങ്ങളിലെ പ്രമുഖ മാധ്യമങ്ങളും വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തുവന്നു.

click me!