തൊഴില്‍ തട്ടിപ്പിനിരയായ ഇന്ത്യക്കാര്‍ ഭക്ഷണം പോലുമില്ലാതെ അബുദാബിയില്‍ തെരുവിലുറങ്ങുന്നു

Published : Dec 19, 2018, 01:16 PM IST
തൊഴില്‍ തട്ടിപ്പിനിരയായ ഇന്ത്യക്കാര്‍ ഭക്ഷണം പോലുമില്ലാതെ അബുദാബിയില്‍ തെരുവിലുറങ്ങുന്നു

Synopsis

അച്ഛനും മകനുമടക്കം ത്രിപുരയില്‍ നിന്നുള്ള മൂന്നംഗ സംഘമാണ് ചെന്നൈ സ്വദേശിയായ ഏജന്റിന്റെ തട്ടിപ്പില്‍ കുടുങ്ങി യുഎഇലെത്തിയത്. കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ പ്രതിമാനം 1500 ദിര്‍ഹം ശമ്പളമുള്ള ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം. വിസയ്ക്കായി 1,30,000 രൂപ ഓരോരുത്തരില്‍ നിന്നും വാങ്ങി.

അബുദാബി: ഏജന്റുമാരുടെ തട്ടിപ്പിന് ഇരയായി  യുഎഇയിലെത്തിയ ഇന്ത്യക്കാര്‍ ഭക്ഷണമോ തലചായ്ക്കാന്‍ ഇടമോ ഇല്ലാതെ നരകയാതനയില്‍. ഇല്ലാത്ത ജോലികളുടെ പേരില്‍ ഇവരെ ഒരു മാസത്തെ സന്ദര്‍ശക വിസയെടുത്താണ് യുഎഇയിലെത്തിച്ചത്. വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടിട്ടുണ്ട്.

അച്ഛനും മകനുമടക്കം ത്രിപുരയില്‍ നിന്നുള്ള മൂന്നംഗ സംഘമാണ് ചെന്നൈ സ്വദേശിയായ ഏജന്റിന്റെ തട്ടിപ്പില്‍ കുടുങ്ങി യുഎഇലെത്തിയത്. കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ പ്രതിമാനം 1500 ദിര്‍ഹം ശമ്പളമുള്ള ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം. വിസയ്ക്കായി 1,30,000 രൂപ ഓരോരുത്തരില്‍ നിന്നും വാങ്ങി. വീടും ഇരുചക്ര വാഹനങ്ങളും മറ്റ് വരുമാനമാര്‍ഗങ്ങളും വിറ്റും മറ്റുള്ളവരില്‍ നിന്ന് കടം വാങ്ങിയുമാണ് ഈ പണം സംഘടിപ്പിച്ചത്. എന്നാല്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് തൊഴില്‍ വിസയ്ക്ക് പകരം ഒരുമാസം കാലാവധിയുള്ള സന്ദര്‍ശക വിസയാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് സംഘത്തിലുള്ള ഒരാളായ അജിത് രഞ്ജന്‍ മജുംദാര്‍ (44) പറഞ്ഞു. ഇയാളുടെ 23 വയസുകാരനായ മകനും തട്ടിപ്പിനിരയായി ഒപ്പമെത്തിയിട്ടുണ്ട്.

സെപ്തംബര്‍ എട്ടിന് ഷാര്‍ജയിലാണ് ഇവര്‍ വിമാനമിറങ്ങിയത്. ഒരു മാസത്തിലധികം ഷാര്‍ജയിലെ ചില കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍ ജോലി ചെയ്തു. ഇതിന് ശമ്പളം നല്‍കിയില്ല. പിന്നീട് ഫുജൈറയിലേക്ക് കൊണ്ടുപോയി. ദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം നല്‍കിയതെന്നും ഒരു മുറിയില്‍ 30 വരെ വരെ കുത്തിനിറച്ചായിരുന്നു താമസമെന്നും ഇവര്‍ പറഞ്ഞു. സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞതോടെ തൊഴില്‍ വിസയ്ക്കായി 3000 ദിര്‍ഹം കൂടി നല്‍കണമെന്ന് ഏജന്റ് ആവശ്യപ്പെട്ടു. എംബസിയെയോ മറ്റ് അധികൃതരെയോ അറിയിക്കരുതെന്നും ഭീഷണിപ്പെടുത്തി. നാട്ടിലേക്ക് തിരികെ പോകണമെന്ന് പറഞ്ഞപ്പോള്‍ രണ്ട് ദിവസം മുന്‍പ് അബുദാബിയിലെ റോഡില്‍ ഇറക്കിവിട്ടു.

കൊടും തണുപ്പില്‍ ഒരു പള്ളിയുടെ സമീപത്താണ് ഇവര്‍ കഴിച്ചുകൂട്ടിയത്. കഴിഞ്ഞ ദിവസം സഹായം തേടി ഇവര്‍ എംബസിയിലെത്തി. അനധികൃത റിക്രൂട്ട്മെന്റ് ഏജന്റുമാര്‍ക്കെതിരെ നടപടി കര്‍ശനമാക്കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു. ത്രിപുരയിലെ പൊലീസ് അധികൃതരുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടാന്‍ നിര്‍ദ്ദേശം നല്‍കിയതായി അംബാസഡര്‍ നവദീപ് സിങ് സുരി അറിയിച്ചു. ഏജന്റുമാരുടെ എല്ലാ വിവരങ്ങളും ഇവരുടെ പക്കലുണ്ടായിരുന്നത് സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി വടക്കൻ പ്രവിശ്യയിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു
സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറന്നില്ല, ക്രിസ്മസ് അവധിക്ക് ബഹ്‌റൈനിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു