ഒമാനില്‍ വീട്ടുജോലിക്കാരെ എത്തിച്ചിരുന്ന മൂന്ന് സ്ഥാപനങ്ങള്‍ അധികൃതര്‍ പൂട്ടിച്ചു

By Web TeamFirst Published Nov 18, 2019, 2:22 PM IST
Highlights

മൂന്ന് സ്ഥാപനങ്ങളുടെയും സേവനങ്ങള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടിയെന്ന് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

മസ്‍കത്ത്: ഒമാനില്‍ വീട്ടുജോലിക്കാരെ എത്തിച്ചിരുന്ന മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ജനറല്‍ അതോരിറ്റിയുടെ നടപടി. ഉപഭോക്താക്കളുമായുള്ള ഇടപാടുകളില്‍ സുതാര്യത ഉറപ്പുവരുത്തുന്നില്ലെന്നും വിശ്വാസ്യത പുലര്‍ത്തുന്നില്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് മൂന്ന് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നോര്‍ത്ത് അല്‍ ബാത്തിനയിലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ജനറല്‍ അതോരിറ്റി ഉത്തരവിട്ടത്. 

മൂന്ന് സ്ഥാപനങ്ങളുടെയും സേവനങ്ങള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടിയെന്ന് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സ്ഥാപനങ്ങളുടെ ഉടമകള്‍ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ സുരക്ഷിതമാല്ലാത്ത കരാറുകളിലൂടെ ഉപഭോക്താക്കളുടെ പണം നഷ്ടപ്പെടുകയും മറ്റ് നിയമനടപടികള്‍ക്ക് വിധേയമാവുകയും ചെയ്യുമെന്നതിനാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി അനിവാര്യമാണെന്നും അധികൃതര്‍ അറിയിച്ചു. ഈ ഏജന്‍സികള്‍ വഴി വീടുകളിലേക്ക് ജോലിക്കാരെ നിയമിച്ചവരില്‍ നിന്ന് നിരവധി പരാതികളാണ്  ലഭിച്ചത്. 

വിശദമായ അന്വേഷണത്തിനൊടുവില്‍ ഏജന്‍സികളുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് അധികൃതര്‍ കണ്ടെത്തി. പരാതികളിന്മേല്‍ തീര്‍പ്പുണ്ടാക്കാന്‍ വലിയ കാലതാമസം വരുത്തുക, കോടതികളിലും മറ്റും കാലങ്ങളായി തുടരുന്ന നിയമനടപടികളുടെ പേരില്‍ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്ക് പുറമേ സേവനങ്ങള്‍ നല്‍കുന്നതിന് മുന്‍പ് മുന്‍കൂറായി മുഴുവന്‍ പണവും ഏജന്‍സികള്‍ വാങ്ങിയിരുന്നു. ഇങ്ങനെ പണം വാങ്ങുന്നത് ഉപഭോകൃത്യ നിയമത്തിന്റെ ലംഘനമാണ്. വീട്ടുജോലിക്കാരെ ഒരു വീട്ടില്‍ നിന്ന് തിരിച്ചുവിളിച്ച് മറ്റൊരു സ്ഥലത്തേക്ക് നിയമിക്കുമ്പോഴും ആദ്യം പണം നല്‍കിയിരുന്നവര്‍ക്ക് പണം തിരികെ നല്‍കിയിരുന്നില്ലെന്നും കണ്ടെത്തി. ഇതോടെയാണ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ഉടമകളെ അറസ്റ്റ് ചെയ്യുകയും വേണമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ജനറല്‍ അതോരിറ്റി, പബ്ലിക് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടത്. 

click me!