ചെക്ക് മോഷ്ടിച്ചെങ്കില്‍ പരാതി നല്‍കാത്തതെന്തെന്ന് പ്രോസിക്യൂഷന്‍; തുഷാറിന്റെ വാദങ്ങള്‍ പൊളിയുന്നു

By Web TeamFirst Published Aug 26, 2019, 5:53 PM IST
Highlights

തുഷാറിനെതിരെ പരാതി നല്‍കിയ നാസില്‍ അബ്‍ദുല്ല ഇന്ന് രാവിലെ അജ്‍മാന്‍ പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ ഹാജരായി. പ്രോസിക്യൂഷന്റെ തെളിവ് ശേഖരണത്തിനിടയിലും ചെക്ക് മോഷ്ടിച്ചതാണെന്ന വാദം തുഷാര്‍ ഉന്നയിച്ചു.

ദുബായ്: തന്റെ ചെക്ക് പരാതിക്കാരന്‍ മോഷ്ടിച്ചതാണെന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ വാദം പൊളിയുന്നു. ചെക്ക് മോഷ്ടിച്ചതാണെങ്കില്‍ അന്ന് എന്തുകൊണ്ടാണ് പരാതി നല്‍കാതിരുന്നതെന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. ഉപഭോക്താക്കളില്‍നിന്ന് തനിക്ക് കാശ് ലഭിക്കാത്തുതൊണ്ടാണ് നാസിലിനു പണം കൊടുക്കാന്‍ കഴിയാതപോയതെന്ന തുഷാറിന്റെ വാദം ഇരുവരും തമ്മിലുള്ള ബിസിനസ് ഇടപാടുകള്‍ ശരിവെക്കുന്നതുമായി.  

തുഷാറിനെതിരെ പരാതി നല്‍കിയ നാസില്‍ അബ്‍ദുല്ല ഇന്ന് രാവിലെ അജ്‍മാന്‍ പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ ഹാജരായി. പ്രോസിക്യൂഷന്റെ തെളിവ് ശേഖരണത്തിനിടയിലും ചെക്ക് മോഷ്ടിച്ചതാണെന്ന വാദം തുഷാര്‍ ഉന്നയിച്ചു. പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. പ്രോസിക്യൂഷന്റെ സാന്നിദ്ധ്യത്തിലും ഇന്ന് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടന്നു. എന്നാല്‍ ഒത്തുതീര്‍പ്പിനായി തുഷാര്‍ മുന്നോട്ടുവെച്ച തുക അപര്യാപ്തമാണെന്ന നിലപാടാണ് നാസില്‍ അബ്ദുല്ല സ്വീകരിച്ചത്.

കൊടുക്കാനില്ലാത്ത കാശ് എന്തിനു നല്‍കണമെന്ന നിലപാടില്‍ തുഷാറും, നഷ്ടമായ തുക ലഭിക്കാതെ പരാതി പിന്‍വലിക്കില്ലെന്ന നിലപാടില്‍ നാസിലും ഉറച്ചു നില്‍ക്കുന്നതോടെ ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍  നീണ്ടുപോകാനാണ് സാധ്യത. വഞ്ചനാകുറ്റം തെളിയിക്കുന്നതിനായി കരാറുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ പരാതിക്കാരന്‍ ഹാജരാക്കുകയും ചെയ്തു. പാസ്‍പോര്‍ട്ട് കോടതിയില്‍ നല്‍കിയിരിക്കുന്നതിനാല്‍ കേസില്‍ ഒത്തുതീര്‍പ്പാകുന്നതുവരെ തുഷാറിന് യുഎഇ വിട്ടുപോകാനാവില്ല. ഒത്തുതീര്‍പ്പാക്കാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ തുഷാര്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കാണാതെ അവസാനിക്കുകയായിരുന്നു.

click me!