തുഷാറിനെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്; പരാതിക്കാരനുമായി ഇന്നും ചര്‍ച്ച

By Web TeamFirst Published Aug 24, 2019, 1:25 PM IST
Highlights

കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിനില്ലെന്ന് ജയിലില്‍ നിന്നിറങ്ങിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞ അദ്ദേഹം കഴിഞ്ഞ ദിവസം താന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് നാസില്‍ അബ്‍ദുല്ലയെ വിളിച്ചുവരുത്തകയായിരുന്നു.

ദുബായ്: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വണ്ടിച്ചെക്ക് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം ഹോട്ടലില്‍ വെച്ച് അരമണിക്കൂറോളം തുഷാറും പരാതിക്കാരനായ നാസില്‍ അബ്‍ദുല്ലയും ചര്‍ച്ച നടത്തിയിരുന്നു. ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. പ്രശ്നം രമ്യമായി പരിഹരിക്കുമെന്ന് കഴിഞ്ഞ ദിവസം ഇരുവരും വ്യക്തമാക്കിയിരുന്നു.

കേസ് കോടതിക്ക് പുറത്ത് തീര്‍പ്പാക്കാനാണ് തുഷാര്‍ വെള്ളാപ്പള്ളിക്കും നാസില്‍ അബ്ദുല്ലക്കും താല്‍പര്യം. പാസ്‍പോര്‍ട്ട്, കോടതി പിടിച്ചുവെച്ചിരിക്കുന്നതിനാല്‍ കേസ് തീരുന്നത് വരെ തുഷാറിന് യുഎഇയില്‍ നിന്ന് പുറത്തുപോകാനാവില്ല. തന്റെ ചെക്ക് മോഷ്ടിച്ച് കേസില്‍ കുടുക്കിയതാണെന്നും അതിലെ ഒപ്പ് വ്യാജമാണെന്ന് സംശയമുണ്ടെന്നും തുഷാര്‍ നേരത്തെ പറഞ്ഞിരുന്നു. കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിനില്ലെന്ന് ജയിലില്‍ നിന്നിറങ്ങിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞ അദ്ദേഹം കഴിഞ്ഞ ദിവസം താന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് നാസില്‍ അബ്‍ദുല്ലയെ വിളിച്ചുവരുത്തകയായിരുന്നു. തിങ്കളാഴ്ച കോടതി കേസ് പരിഗണിക്കുന്നതിനു മുമ്പായി കേസ് ഒത്തുതീര്‍പ്പാക്കാനാണ് ഇപ്പോഴത്തെ ശ്രമം. പണം കൊടുത്ത് കേസ് ഒഴിവാക്കാനാണ് തുഷാര്‍ ക്യാമ്പിന്റെ നീക്കം. ഇന്ന് വൈകുന്നേരം തുഷാറും പരാതിക്കാരന്‍ നാസില്‍ അബ്ദുള്ളയും വീണ്ടും ചര്‍ച്ചകള്‍ നടത്തും.

ചെക്ക് കേസില്‍ വ്യാഴാഴ്ചയാണ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനിൽ അറസ്റ്റിലായത്. പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാടില്‍ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് തുഷാർ അറസ്റ്റിലായത്. കോടതി ജാമ്യം അനുവദിച്ചതോടെ ഒന്നര ദിവസത്തെ ജയില്‍ വാസത്തിന് ശേഷം തുഷാര്‍ പുറത്തിറങ്ങി. അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം കിട്ടിയത്.

click me!