തുഷാർ വെള്ളാപ്പള്ളിക്കെതിരായ വണ്ടി ചെക്ക് കേസ്; ഒത്തുതീർപ്പ് ശ്രമങ്ങൾ യുഎഇയിൽ പുരോ​ഗമിക്കുന്നു

By Web TeamFirst Published Aug 24, 2019, 9:05 AM IST
Highlights

ചെക്ക് കേസില്‍ വ്യാഴാഴ്ചയാണ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനിൽ അറസ്റ്റിലായത്. പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാടില്‍ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് തുഷാർ അറസ്റ്റിലായത്. 

അജ്മാൻ: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് ഒത്തു തീര്‍പ്പാക്കാനുള്ള ചര്‍ച്ചകള്‍ യുഎഇയില്‍ പുരോഗമിക്കുന്നു.  പ്രമുഖ വ്യവസായി എംഎ യൂസഫലിയടക്കമുള്ളവരുടെ നേതൃത്വത്തിലാണ് മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നത്. തിങ്കളാഴ്ച കോടതി കേസ് പരിഗണിക്കുന്നതിനു മുമ്പായി കേസ് ഒത്തുതീര്‍പ്പാക്കാനാണ് ശ്രമം. ഇന്ന് വൈകിട്ട് തുഷാറും പരാതിക്കാരന്‍ നാസില്‍ അബ്ദുള്ളയും വീണ്ടും ചര്‍ച്ചകള്‍ നടത്തും.

ചെക്ക് കേസില്‍ വ്യാഴാഴ്ചയാണ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനിൽ അറസ്റ്റിലായത്. പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാടില്‍ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് തുഷാർ അറസ്റ്റിലായത്. കോടതി ജാമ്യം അനുവദിച്ചതോടെ ഒന്നര ദിവസത്തെ ജയില്‍ വാസത്തിന് ശേഷം തുഷാര്‍ പുറത്തിറങ്ങി. അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം കിട്ടിയത്. എം എ യൂസഫലിയുടെ ഇടപെടലാണ് തുഷാറിന്റെ ജയില്‍ മോചനം എളുപ്പത്തിലാക്കിയത്.

വായിക്കാം;തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ അറസ്റ്റില്‍; പുറത്തിറക്കാൻ തിരക്കിട്ട നീക്കം
 
അതേസമയം, ഈ ചെക്കിന് നിയമ സാധുത ഇല്ലെന്നാണ് തുഷാറിന്റെ നിലപാട്. നാസില്‍ അബ്ദുള്ളയ്ക്ക് പത്ത് വര്‍ഷത്തിനിടയില്‍ പലപ്പോഴായി പണം നല്‍കിയെന്നും എന്നിട്ടും തീയതി രേഖപ്പെടുത്താത്ത ചെക്കില്‍ പുതിയ തീയതി എഴുതിച്ചേര്‍ത്ത് നിയമ നടപടികളിലേക്ക് വലിച്ചിഴച്ചത് വിശ്വാസ വഞ്ചനയാണെന്നും തുഷാര്‍ പറയുന്നു. തുഷാറിന് ജാമ്യം ലഭിച്ചെങ്കിലും സിവില്‍ കേസ് നടപടികള്‍ പൂര്‍ത്തിയാകും വരെ യുഎഇ വിട്ടുപോകാനാവില്ല. തുഷാറിന്റെ പാസ്‍പോര്‍ട്ട് കോടതി പിടിച്ചുവെച്ചിരിക്കുകയാണ്.

വായിക്കാം; കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിനില്ലെന്ന് തുഷാര്‍; കേസ് തീരുന്നത് വരെ യുഎഇ വിടാനാവില്ല

click me!