സൗദിയിലേക്ക് യാത്ര ചെയ്യുന്നവരുടെ കൈവശം വിലപിടിപ്പുള്ള സാധനങ്ങളുണ്ടെങ്കില്‍ നികുതി നല്‍കണം

By Web TeamFirst Published Mar 25, 2021, 1:15 PM IST
Highlights

കര, വ്യോമ, ജല മാര്‍ഗങ്ങളിലൂടെ രാജ്യത്തേക്കെത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും നിബന്ധന ബാധകമായിരിക്കും. യാത്രക്കാര്‍ക്ക് പരമാവധി കൊണ്ട് വരാവുന്ന വസ്തുക്കളുടെ മൂല്യം മൂവായിരം റിയാലായി നിജപ്പെടുത്തി.

റിയാദ്: സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നവർ അധികം വിലപിടിപ്പുള്ള സാധനങ്ങൾ കൈയ്യിൽ കരുതേണ്ട; വലിയ നികുതി കൊടുക്കേണ്ടിവരും. യാത്രക്കാരുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കൾക്കാണ് കസ്റ്റംസ് തീരുവ ഈടാക്കുക. മൂവായിരം റിയാലില്‍ കൂടുതല്‍ വിലയുള്ള വസ്തുക്കള്‍ക്ക് ഇനി മുതൽ നികുതി നൽകേണ്ടിവരും. 

കര, വ്യോമ, ജല മാര്‍ഗങ്ങളിലൂടെ രാജ്യത്തേക്കെത്തുന്ന മുഴുവന്‍ യാത്രക്കാര്‍ക്കും നിബന്ധന ബാധകമായിരിക്കും. യാത്രക്കാര്‍ക്ക് പരമാവധി കൊണ്ട് വരാവുന്ന വസ്തുക്കളുടെ മൂല്യം മൂവായിരം റിയാലായി നിജപ്പെടുത്തി. മൂവായിരത്തിന് മുകളില്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ക്ക് ഇനി മുതല്‍ സൗദി കസ്റ്റംസ് ചുമത്തുന്ന നികുതി കൂടി നല്‍കേണ്ടി വരും. ഉപയോഗിച്ചിട്ടില്ലാത്ത പുതിയ വസ്തുക്കള്‍ക്കാണ് നികുതി ചുമത്തുക. എന്നാല്‍ വിദേശങ്ങളില്‍ ഉപയോഗിച്ച വസ്തുക്കള്‍ തിരികെ കൊണ്ട് വരുന്നതിന് നിയമം ബാധകമായിരിക്കില്ലെന്നും അധികൃതര്‍ കൂട്ടിചേര്‍ത്തു. യാത്രക്കാര്‍ കൂടെ കൊണ്ട് വരുന്ന വസ്തുക്കളെ കുറിച്ചും പണത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ യാത്രക്ക് മുമ്പായി കസ്റ്റംസിനെ അറിയിച്ചിരിക്കണമെന്ന് അതോറിറ്റി നേരത്തെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കസ്റ്റംസ് അതോറിറ്റിയുടെ വെബ് പോര്‍ട്ടല്‍ വഴിയാണ് ഇതിന് സൗകര്യമേര്‍പ്പെടുത്തിയിട്ടുള്ളത്.

click me!