Latest Videos

സൗദിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചയാളുടെ ചികിത്സ തുടരുന്നു: നിരവധി പേര്‍ നിരീക്ഷണത്തിൽ

By Web TeamFirst Published Mar 4, 2020, 1:02 AM IST
Highlights

രാജ്യത്തുടനീളം പ്രതിരോധ നടപടികള്‍ മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ആരോഗ്യ മന്ത്രാലയമാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്ന് ബഹ്റൈന്‍ വഴി സൗദിയിലെത്തിയ സ്വദേശി പൗരനാണ് രോഗ ബാധ

റിയാദ്: കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച സൗദി പൗരൻ ചികിത്സയിൽ തുടരുന്നു. ഇയാളെ പരിചരിച്ചവരും ഇടപകഴിയവരുമായി നൂറോളം പേർ നിരീക്ഷണത്തിലുമാണ്. അവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം ബുധനാഴ്ച അറിയാം. രാജ്യത്തുടനീളം പ്രതിരോധ നടപടികള്‍ മന്ത്രാലയം ശക്തമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി ആരോഗ്യ മന്ത്രാലയമാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്ന് ബഹ്റൈന്‍ വഴി സൗദിയിലെത്തിയ സ്വദേശി പൗരനാണ് രോഗ ബാധ. ഇറാന്‍ സന്ദര്‍ശിച്ച കാര്യം ഇയാൾ ആദ്യം വെളിപ്പെടുത്തിയിരുന്നില്ല. മുന്‍കരുതലിന്‍റെ ഭാഗമായുള്ള പരിശോധന പൂര്‍ത്തിയാക്കിയതോടെ സംശയം തോന്നി ലാബ് ടെസ്റ്റുകള്‍ നടത്തുകയായിരുന്നു.

ഇതിന്‍റെ ഫലം കിട്ടിയതോടെ രോഗ ബാധ സ്ഥിരീകരിച്ചു. ഇയാള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. ഇദ്ദേഹവുമായി ഇടപഴകിയവരുടെ സാമ്പിളുകള്‍ കൊറോണ പരിശോധനക്കയച്ചു. ഇതിന്‍റെ ഫലം മന്ത്രാലയം പുറത്തുവിടും. നാഷനല്‍ സെൻറര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആൻഡ് കണ്‍ട്രോളിന് കീഴില്‍ പ്രതിരോധ നടപടി ശക്തമാക്കിയിട്ടുണ്ട്.

മക്ക, മദീന ഹറം പരിധികളിലും പരിശോധന ശക്തമാക്കി. ഭീതിക്ക് പകരം ജാഗ്രതയോടെ കൊറോണയെ പ്രതിരോധിക്കണമെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു. സംശയങ്ങള്‍ക്ക് 937 എന്ന നമ്പറില്‍ ബന്ധപ്പെടാം.

click me!