യുഎഇയും ഇസ്രയേലും കരാര്‍ ഒപ്പിടുന്നത് വൈറ്റ് ഹൌസില്‍; അതിഥേയന്‍ ട്രംപ്

By Web TeamFirst Published Sep 9, 2020, 7:54 AM IST
Highlights

സെപ്തംബര്‍ 15ലെ ചടങ്ങില്‍ ഇസ്രേയല്‍ സംഘത്തെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും, യുഎഇ സംഘത്തെ യുഎഇ വിദേശകാര്യമന്ത്രി ഷേക്ക് അബ്ദുള്ള ബിന്‍ സയീദ് അല്‍-നഹ്യാനും നയിക്കുമെന്നാണ് വൈറ്റ് ഹൌസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

വാഷിംങ്ടണ്‍: യുഎഇയും ഇസ്രയേലും ഒപ്പുവയ്ക്കുന്ന ചരിത്ര ഉടമ്പടിക്ക് അതിഥേയത്വം വഹിക്കുക അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാല്‍ഡ് ട്രംപ്. ചൊവ്വാഴ്ച ഇത് സംബന്ധിച്ച് വൈറ്റ് ഹൌസ് ഔദ്യോഗികമായി അറിയിച്ചു. യുഎഇയും ഇസ്രയേലും ഒപ്പുവയ്ക്കുന്ന ചരിത്ര ഉടമ്പടി സെപ്തംബര്‍ 15ന് വാഷിംങ്ടണില്‍ വച്ചായിരിക്കും ഒപ്പുവയ്ക്കുക.

കഴിഞ്ഞ ഓഗസ്റ്റ് 13ന് വൈറ്റ് ഹൌസ് തന്നെയാണ് യുഎഇയും ഇസ്രയേലും സാധാരണ രീതിയിലുള്ള നയതന്ത്ര ബന്ധത്തിലേക്ക് എത്തുവാന്‍ ധാരണയായ കാര്യം ലോകത്തെ ആദ്യം അറിയിച്ചത്. 18 മാസത്തെ ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ആശയവിനിമയത്തിന് ശേഷമാണ് ഈ കരാര്‍ എന്നാണ് യുഎസ് അറിയിച്ചത്. 

സെപ്തംബര്‍ 15ലെ ചടങ്ങില്‍ ഇസ്രേയല്‍ സംഘത്തെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും, യുഎഇ സംഘത്തെ യുഎഇ വിദേശകാര്യമന്ത്രി ഷേക്ക് അബ്ദുള്ള ബിന്‍ സയീദ് അല്‍-നഹ്യാനും നയിക്കുമെന്നാണ് വൈറ്റ് ഹൌസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

സെപ്തംബര്‍ 15ലെ കൂടിക്കാഴ്ച സംബന്ധിച്ച് നെതന്യാഹൂ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. യുഎഇയുമായി സമാധാന കരാര്‍ ഉണ്ടാക്കാനുള്ള ചരിത്രപരമായ ചടങ്ങ് വൈറ്റ്ഹൌസില്‍ നടക്കുമെന്നും അതിനുള്ള ക്ഷണം പ്രസിഡന്‍റ് ട്രംപില്‍ നിന്നും ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ഇസ്രേയല്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ വാരം ട്രംപിന്‍റെ മുഖ്യ ഉപദേശകനും ഒരു ഇസ്രയേല്‍ സംഘവും കരാറിന്‍റെ വിജയ സൂചകമായി യുഎഇയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. യുഎഇയുമായി ഇസ്രയേല്‍ എത്തിയ കരാര്‍ മേഖലയിലെ കൂടുതല്‍ രാജ്യങ്ങള്‍ക്ക് ഇസ്രയേലുമായി സഹകരിക്കാന്‍ താല്‍പ്പര്യം ഉണ്ടാക്കും എന്നാണ് അമേരിക്കയുടെ പ്രതീക്ഷ.
 

click me!