സൗദിയില്‍ ശിക്ഷാകാലാവധി കഴിഞ്ഞവരുള്‍പ്പടെ 23 ഇന്ത്യാക്കാര്‍ നാടണഞ്ഞു

By Web TeamFirst Published Oct 31, 2020, 11:01 PM IST
Highlights

ഖമീസ് മുഷൈത്ത്, ദഹറാന്‍ ജുനൂബ്  ജയിലുകളില്‍ വിവിധ കേസുകളില്‍ ശിക്ഷാകാലാവധി കഴിഞ്ഞിരുന്നവരും ഇഖാമ കാലാവധി കഴിഞ്ഞിട്ടും സ്‌പോണ്‍സര്‍ ഇഖാമ പുതുക്കി നല്‍കാതിരുന്നവരും ഹൂറൂബ്  കേസില്‍ അകപ്പെട്ടവരുമായ നാല് മലയാളികള്‍ അടങ്ങുന്ന 23 അംഗ സംഘം ആണ് അബഹയില്‍ നിന്നും ദുബായ് വഴി ഡല്‍ഹിയിലേക്കും കൊച്ചിയിലേക്കുമായി യാത്ര തിരിച്ചത്.

റിയാദ്: സൗദി അറേബ്യയുടെ ദക്ഷിണമേഖലയായ അസീര്‍ റീജിയണലിലെ വിവിധ ജയിലുകളില്‍ കുടുങ്ങിയ ശിക്ഷാകാലാവധി കഴിഞ്ഞിട്ടും നാട്ടിലേക്ക് പോകാന്‍  കഴിയാതിരുന്നവര്‍ ഉള്‍പ്പടെ 23 ഇന്ത്യാക്കര്‍ അസീര്‍ ഇന്ത്യന്‍ അസോസിയേഷന്‍റെ സഹായത്തോടെ നാട്ടിലേക്ക് യാത്ര തിരിച്ചു. ഖമീസ് മുഷൈത്ത്, ദഹറാന്‍ ജുനൂബ്  ജയിലുകളില്‍ വിവിധ കേസുകളില്‍ ശിക്ഷാകാലാവധി കഴിഞ്ഞിരുന്നവരും ഇഖാമ കാലാവധി കഴിഞ്ഞിട്ടും സ്‌പോണ്‍സര്‍ ഇഖാമ പുതുക്കി നല്‍കാതിരുന്നവരും ഹൂറൂബ്  കേസില്‍ അകപ്പെട്ടവരുമായ നാല് മലയാളികള്‍ അടങ്ങുന്ന 23 അംഗ സംഘം ആണ് അബഹയില്‍ നിന്നും ദുബായ് വഴി ഡല്‍ഹിയിലേക്കും കൊച്ചിയിലേക്കുമായി യാത്ര തിരിച്ചത്.

കൊവിഡ് മഹാമാരിയെ തൂടര്‍ന്ന് അന്തര്‍ദേശീയ യാത്രവിലക്കുകള്‍ കാരണം കുടുങ്ങിപ്പോയവരാണ് അധികവും. മലയാളികള്‍ (4), തമിഴ്‌നാട് (2), ബീഹാര്‍ (2),  ഹൈദ്രാബാദ് (2), കാശ്മീര്‍ (2), യു.പി (6), രാജസ്ഥാന്‍ (3), പശ്ചിമ ബംഗാള്‍ (2) എന്നിവരാണ് സംഘത്തിലുള്ളത്. എട്ടും ഒമ്പതും മാസമായി അബഹ നാടുകടത്തല്‍  കേന്ദ്രത്തിലെ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യാക്കാരുടെ ദയനീയാവസ്ഥ അസീര്‍ ഇന്ത്യന്‍ അേസാസിയേഷന്‍ ഭാരവാഹികള്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്  ജീവകാരുണ്യവിഭാഗം കോണ്‍സല്‍ ഡോ. മുഹമ്മദ് അലീമിനേയും കോണ്‍സല്‍ സാഹില്‍ ശര്‍മയേയും അറിയിക്കുകയായിരുന്നു. കോണ്‍സുലേറ്റിന്റെ ഭാഗത്തുനിന്നുള്ള  സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ്. ഇന്ത്യാക്കാരെ ജിദ്ദ ജയിലിലേക്ക് കൊണ്ടുപോയി കാലം താമസം വരുത്താതെ അബഹയില്‍ നിന്നും നേരിട്ട് നാട്ടിലേക്ക്  അയക്കുന്നതിന് അബഹ ജയില്‍ അധികൃതര്‍ അനുവദിച്ചത്. തുടര്‍ന്ന് ജിദ്ദ  കോണ്‍സുലേറ്റിന്റെ ജീവകാരുണ്യവിഭാഗം പ്രതിനിധികളായ ബിജു കെ. നായരുടെയും  ഒ.ഐ.സി.സി സൗദി ദക്ഷിണമേഖലാ പ്രസിഡന്റ് അഷ്‌റഫ് കുറ്റിച്ചലിന്റെയും നേതൃത്വത്തില്‍ എമര്‍ജന്‍സി പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള യാത്രാരേഖകള്‍ ശരിയാക്കി  അബഹയില്‍ നിന്നും ഫ്‌ലൈ ദുബൈ വിമാനത്തില്‍ യാത്രാസൗകര്യം ഒരുക്കി.

അബഹ വിമാനത്താവളത്തില്‍ ജയില്‍ ഉദ്യോഗസ്ഥരും സി.സി.ഡബ്ല്യു മെമ്പര്‍മാരും ചേര്‍ന്ന്  ക്രമീകരണങ്ങള്‍ ഒരുക്കി. സൗദിയില്‍ ലോക് ഡൗണ്‍ അരംഭിച്ചപ്പോള്‍ അഷ്‌റഫ് കുറ്റിച്ചലിന്റെയും ബിജു നായരുടേയും നേതൃത്വത്തില്‍ 17 ഇന്ത്യാക്കാരെ നാട്ടിലേക്ക്  അയച്ചിരുന്നു. സംഘാംഗങ്ങള്‍ അബഹ ജവാസത്തിന്റെയും ജയില്‍ വകുപ്പിന്റെയും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും ഉദ്യോഗസ്ഥര്‍ക്കും അസീര്‍ ഇന്ത്യന്‍  അസോസിയേഷന്‍ ഭാരവാഹികള്‍ക്കും നന്ദി അറിയിച്ചു.

click me!