ഫ്ലാറ്റിനുള്ളില്‍ മദ്യ നിര്‍മ്മാണം; രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

By Web TeamFirst Published Mar 21, 2020, 10:12 PM IST
Highlights

ഗ്യാസ് സിലിണ്ടറുകളും മദ്യം നിറച്ച പത്തോളം വലിയ പാത്രങ്ങളും ഇവിടെ നിന്ന് പൊലീസ് കണ്ടെടുത്തു. സ്റ്റൗവും പ്രഷര്‍ കുക്കറുകളും സജ്ജീകരിച്ചായിരുന്നു നിര്‍മാണം. മറ്റൊരു തര്‍ക്കവുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി പൊലീസ് ഇവരുടെ ഫ്ലാറ്റിലെത്തിയപ്പോഴാണ് സംശയം തോന്നുകയും തുടര്‍ന്ന് പരിശോധന നടത്തുകയും ചെയ്തത്.

മനാമ: ബഹ്റൈനില്‍ അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് മദ്യ നിര്‍മാണവും വില്‍പനയും നടത്തിയിരുന്ന രണ്ട് ഇന്ത്യക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ് റിഫയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഒരു ഫ്ലാറ്റിനുള്ളിലായിരുന്നു മദ്യ നിര്‍മാണം. അപ്പാര്‍ട്ട്മെന്റിലെ ഒരു മുറിയും ടോയ്‍ലറ്റുമായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്.

ഗ്യാസ് സിലിണ്ടറുകളും മദ്യം നിറച്ച പത്തോളം വലിയ പാത്രങ്ങളും ഇവിടെ നിന്ന് പൊലീസ് കണ്ടെടുത്തു. സ്റ്റൗവും പ്രഷര്‍ കുക്കറുകളും സജ്ജീകരിച്ചായിരുന്നു നിര്‍മാണം. മറ്റൊരു തര്‍ക്കവുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റി പൊലീസ് ഇവരുടെ ഫ്ലാറ്റിലെത്തിയപ്പോഴാണ് സംശയം തോന്നുകയും തുടര്‍ന്ന് പരിശോധന നടത്തുകയും ചെയ്തത്. എല്ലാ സജ്ജീകരണങ്ങളുമുള്ള മദ്യനിര്‍മാണ കേന്ദ്രമാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നതെന്ന് റെയ്ഡിന് സാക്ഷികളായിരുന്നവര്‍ പറഞ്ഞു. 

മദ്യനിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ കണ്ടുകെട്ടിയതായും പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയതായും അധികൃതര്‍ അറിയിച്ചു. വിവരം ലഭിച്ചതനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയതെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മദ്യവില്‍പന നടത്തുകയായിരുന്ന രണ്ട് പ്രവാസികളെ കഴിഞ്ഞ ദിവസം മനാമയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

click me!