
കുവൈത്ത് സിറ്റി: വീടിനുള്ളില്‍ പ്രത്യേക സജ്ജീകരണങ്ങളൊരുക്കി കഞ്ചാവ് കൃഷി നടത്തിയ രണ്ട് സ്വദേശി യുവാക്കള്‍ കുവൈത്തില്‍ പിടിയിലായി. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ഡ്രഗ്‍സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റാണ് രഹസ്യവിവരം ലഭിച്ചതനുസരിച്ച് റെയ്‍ഡ് നടത്തിയത്.
27 കഞ്ചാവ് ചെടികളാണ് ഇവിടെ പ്രത്യേക ഉപകരണങ്ങളുടെ സഹായത്തോടെ ചൂടും വെളിച്ചവും ക്രമീകരിച്ച് വളര്‍ത്തിക്കൊണ്ടിരുന്നത്. കഞ്ചാവിന് പുറമെ 300 ലഹരി ഗുളികകളും ഇവിടെ നിന്ന് പിടിച്ചെടുത്തു. പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് റെയ്‍ഡിനുള്ള അനുമതിയും അറസ്റ്റ് വാറണ്ടും വാങ്ങിയ ശേഷമാണ് പൊലീസ് സംഘം മുബാറക് അല്‍ അബ്‍ദുല്ലയിലെ വീട്ടില്‍ പരിശോധനയ്‍ക്കെത്തിയത്.
കഞ്ചാവ് ചെടികള്‍ക്ക് പുറമെ വില്‍പനയ്‍ക്കായി സൂക്ഷിച്ചിരുന്ന 250 ഗ്രാം കഞ്ചാവ്, പല തരത്തിലുള്ള 300 മയക്കുമരുന്ന് ഗുളികകള്‍, രണ്ട് ത്രാസുകള്‍ എന്നിവയും കണ്ടെടുത്തു. ഇവിടെയുണ്ടായിരുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‍തു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കഞ്ചാവ് കൃഷിയും മയക്കുമരുന്ന് കച്ചവടവും നടത്തുന്നുണ്ടെന്ന് ഇയാള്‍ സമ്മതിച്ചു. വഫ്‍റയില്‍ തനിക്ക് ഒരു ഫാമുണ്ടെന്നും അവിടെയും മയക്കുമരുന്ന് ഒളിപ്പിച്ചിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു.
ഫാമില്‍ പരിശോധന നടത്തിയപ്പോള്‍ ഒരു കിലോ കഞ്ചാവ് കൂടി കണ്ടെടുത്തു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെയാളെ അറസ്റ്റ് ചെയ്‍തത്. കഞ്ചാവ് വളര്‍ത്താന്‍ സഹായം ചെയ്‍തിരുന്നത് ഇയാളായിരുന്നു. രണ്ടാം പ്രതിയുടെ മുബാറക് അല്‍ അബ്‍ദുല്ലയിലെ വീട്ടിലും മയക്കുമരുന്ന് ഒളിപ്പിച്ചിട്ടുണ്ടെന്ന് ഇയാള്‍ സമ്മതിച്ചു. 100 ഗ്രാം കഞ്ചാവും കഞ്ചാവ് ചെടികളും ഇവിടെ നിന്നും പിടിച്ചെടുത്തു.
"
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam