യുഎഇയില്‍ ഒറ്റ ദിവസം വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്

By Web TeamFirst Published Dec 28, 2020, 2:20 PM IST
Highlights

ഒമാന്‍ സ്വദേശി ഓടിച്ച കാര്‍ പാകിസ്ഥാനി ഓടിച്ച പിക്ക് അപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിതവേഗമാണ് അപകടകാരണമെന്ന് ഷാര്‍ജ പൊലീസ് പറഞ്ഞു.

ഷാര്‍ജ: യുഎഇയില്‍ രണ്ട് വ്യത്യസ്ത റോഡപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആദ്യത്തെ അപകടത്തില്‍ 18കാരനായ ഒമാനിയാണ് മരണപ്പെട്ടത്. ഇയാള്‍ക്കൊപ്പം കാറില്‍ സഞ്ചരിച്ച മൂന്നു യുവാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഷാര്‍ജയിലെ എയര്‍പോര്‍ട്ട് റോഡില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ഒമാന്‍ സ്വദേശി ഓടിച്ച കാര്‍ പാകിസ്ഥാനി ഓടിച്ച പിക്ക് അപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിതവേഗമാണ് അപകടകാരണമെന്ന് ഷാര്‍ജ പൊലീസ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റവരെ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. രണ്ടുപേര്‍ ആശുപത്രി വിട്ടെങ്കിലും ഒരാള്‍ ഇപ്പോഴും ചികിത്സയിലാണ്.

വെള്ളിയാഴ്ച മലേഹ റോഡിലുണ്ടായ വാഹനാപകടത്തില്‍ 20കാരനായ സ്വദേശി യുവാവ് മരിച്ചു. നിയന്ത്രണം വിട്ട വാഹനം റോഡില്‍ നിരവധി തവണ കീഴ്‌മേല്‍ മറിഞ്ഞായിരുന്നു അപകടം. മരണപ്പെട്ട യുവാവിന്റെ മൃതദേഹം അല്‍ ദായിദ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് അപകടങ്ങളിലും പൊലീസ് അന്വേഷണം ആരംഭിച്ചു. വാഹനമോടിക്കുമ്പോള്‍ വേഗത നിയന്ത്രിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു. 


 

click me!