യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ വഴിവിട്ട മാര്‍ഗങ്ങള്‍; രണ്ട് പ്രവാസി യുവാക്കള്‍ ജയിലില്‍

By Web TeamFirst Published Dec 4, 2020, 7:00 PM IST
Highlights

വിസാ രേഖകളും എന്‍.ഒ.സിയും അടക്കമുള്ളവയുടെ വ്യാജ രേഖകള്‍ സമര്‍പ്പിച്ചാണ് 29കാരന്‍ ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയത്. ഇയാള്‍ക്ക് കോടതി ഒന്നര ലക്ഷം ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്. 

ദുബൈ: ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാനായി വ്യാജ രേഖകളുണ്ടാക്കിയ കുറ്റത്തിന് രണ്ട് യുവാക്കള്‍ക്ക് ദുബൈ പ്രാഥമിക കോടതി ആറ് മാസം വീതം ജയില്‍ ശിക്ഷ വിധിച്ചു. 29ഉം 23ഉം വയസ് പ്രായമുള്ള യുവാക്കളാണ് ശിക്ഷിക്കപ്പെട്ടത്. ശിക്ഷ അനുഭവിച്ച ശേഷം ഇരുവരെയും യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി വിധിയില്‍ പറയുന്നു.

വിസാ രേഖകളും എന്‍.ഒ.സിയും അടക്കമുള്ളവയുടെ വ്യാജ രേഖകള്‍ സമര്‍പ്പിച്ചാണ് 29കാരന്‍ ദുബൈയില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയത്. ഇയാള്‍ക്ക് കോടതി ഒന്നര ലക്ഷം ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്. രണ്ടാം പ്രതിയും ലൈസന്‍സ് സ്വന്തമാക്കാനായി വ്യാജ രേഖകള്‍ നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്‍തംബര്‍ ഏഴിന് ജബല്‍ അലി പൊലീസ് സ്റ്റേഷനിലാണ് ഇത് സംബന്ധിച്ച കേസുകള്‍ രജിസ്റ്റര്‍ ചെയ്‍തത്.

പ്രതികള്‍ രണ്ട് പേരും വ്യാജ രേഖകള്‍ ഒരു ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ട് വഴി സമര്‍പ്പിക്കുകയായിരുന്നുവെന്ന് ദുബായ് ആര്‍.ടി.എയിലെ ലീഗല്‍ റിസര്‍ച്ചര്‍ പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചു. ആവശ്യമായ രേഖകള്‍ ലഭിച്ചതോടെ ഫയല്‍ ഓപ്പണ്‍ ചെയ്‍ത് നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ജോലി സ്ഥലം സംബന്ധിച്ച് നല്‍കിയ വിവരങ്ങളില്‍ വ്യത്യാസങ്ങളുണ്ടെന്ന് കണ്ടെത്തി. എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് ഔദ്യോഗിക രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഇരുവരും നല്‍കിയ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അധികൃതര്‍ ജബല്‍ അലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

click me!