യുഎഇയില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയ രണ്ട് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു

By Web TeamFirst Published Nov 24, 2019, 7:43 PM IST
Highlights

പതിവായി ലഹരി വില്‍പന നടത്തിയിരുന്ന ഇരുവരും, വേഷം മാറിയെത്തിയ പൊലീസുകാര്‍ ഒരുക്കിയ കെണിയില്‍ വീഴുകയായിരുന്നു. അഞ്ച് കിലോഗ്രാം ഹെറോയിന്‍ ഇരുവരും പൊലീസുകാര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹത്തിന് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. 

അബുദാബി: യുഎഇയില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയ രണ്ട് പ്രവാസികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അഞ്ച് കിലോഗ്രാം ഹെറോയിനും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളെ ശിഷ്ടകാലം മുഴുവന്‍ ജയിലിലടയ്ക്കാന്‍ നേരത്തെ കീഴ്‍കോടതികള്‍ വിധിച്ചിരുന്നു. കഴിഞ്ഞദിവസം കേസ് പരിഗണിച്ച അബുദാബിയിലെ ഫെഡറല്‍ സുപ്രീം കോടതി ഈ വിധി ശരിവെയ്ക്കുകയായിരുന്നു.

പതിവായി ലഹരി വില്‍പന നടത്തിയിരുന്ന ഇരുവരും, വേഷം മാറിയെത്തിയ പൊലീസുകാര്‍ ഒരുക്കിയ കെണിയില്‍ വീഴുകയായിരുന്നു. അഞ്ച് കിലോഗ്രാം ഹെറോയിന്‍ ഇരുവരും പൊലീസുകാര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹത്തിന് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. ഏഷ്യക്കാരായ ചില പ്രവാസികള്‍ മയക്കുമരുന്ന് കൈവശം വെയ്ക്കുന്നതായും വില്‍പ്പന നടത്തുന്നതായും ആന്റി നര്‍കോട്ടിക് ഡിപ്പാര്‍ട്ട്മെന്റിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ മയക്കുമരുന്ന് വാങ്ങാനെന്ന വ്യാജേന ഇവരെ സമീപിച്ചു.

മയക്കുമരുന്ന് ആവശ്യമുണ്ടെന്ന് അറിയിക്കുകയും വില പറഞ്ഞുറപ്പിക്കുയും ചെയ്തു. ഇതിന് ശേഷം ഒരു സ്ഥലത്തുവെച്ച് നേരിട്ട് മയക്കുമരുന്ന് കൈമാറാമെന്ന ധാരണയിലുമെത്തി. ഇതനുസരിച്ച് അഞ്ച് കിലോഗ്രാം ഹെറോയിന്‍ രണ്ട് പ്ലാസ്റ്റിക് ബാഗുകളിലാക്കി കൊണ്ടുവന്ന രണ്ടുപേരെ പൊലീസ് കൈയോടെ പിടികൂടുകയായിരുന്നു. ലഹരി മരുന്ന് കൈവശം വെച്ചതിനും ലഹരി മരുന്നുകള്‍ വില്‍പന നടത്തിയതിനും ഇരുവര്‍ക്കുമെതിരെ പ്രോസിക്യൂഷന്‍ കുറ്റം ചുമത്തി. കേസ് ആദ്യം പരിഗണിച്ച ക്രിമിനല്‍ പ്രാഥമിക കോടതിയും പിന്നീട് അപ്പീല്‍ കോടതിയും പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയാണ് ഇരുവരും അപ്പീലുമായി യുഎഇയിലെ പരമോന്നത കോടതിയെ സമീപിച്ചത്. അപ്പീല്‍ തള്ളിയ ഫെഡറല്‍ സുപ്രീം കോടതി ശിക്ഷ ശരിവെച്ചു.

click me!