പച്ചക്കറിയ്ക്കിടയില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്; സൗദിയില്‍ രണ്ട് പേരെ പിടികൂടി

By Web TeamFirst Published Feb 5, 2020, 9:01 PM IST
Highlights

സൗദിയില്‍ നിരോധിച്ച ആംഫെറ്റാമൈന്‍ എന്ന ഗുളികകളാണ് പച്ചക്കറി വാഹനത്തില്‍ കടത്തിയത്. പച്ചക്കറികള്‍ക്കിടയില്‍ പ്രത്യേക പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. 30 ലക്ഷത്തിലേറെ മയക്കുമരുന്ന് ഗുളികകളാണ് വാഹനത്തിലുണ്ടായിരുന്നത്. 

റിയാദ്: പച്ചക്കറിയ്ക്കിടയില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനത്തില്‍ മയക്കുമരുന്ന് കടത്തുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം വാഹനം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സിറിയന്‍ വംശജരാണ് പിടിയിലായ രണ്ടുപേരും.

സൗദിയില്‍ നിരോധിച്ച ആംഫെറ്റാമൈന്‍ എന്ന ഗുളികകളാണ് പച്ചക്കറി വാഹനത്തില്‍ കടത്തിയത്. പച്ചക്കറികള്‍ക്കിടയില്‍ പ്രത്യേക പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. 30 ലക്ഷത്തിലേറെ മയക്കുമരുന്ന് ഗുളികകളാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവറും സഹായിയുമാണ് അറസ്റ്റിലായത്. ഇവരെ ആന്റി നര്‍ക്കോട്ടിക് വിഭാഗത്തിന് കൈമാറി.

ട്രക്കില്‍ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ്, ആന്റി നര്‍ക്കോട്ടിക് സംഘങ്ങള്‍ വാഹനത്തെ പിന്തുടരുകയായിരുന്നു. ട്രക്ക് ഒരു വെയര്‍ഹൗസിലേക്ക് കടന്നതോടെ സ്ഥലം വളഞ്ഞ് അധികൃതര്‍ നടത്തിയ റെയ്‍ഡിലാണ് മയക്കുമരുന്ന് ഗുളികകള്‍ പിടികൂടിയത്. റെയ്‍ഡിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് സൗദി അറേബ്യയില്‍ കടുത്ത ശിക്ഷയാണ് ലഭിക്കുക.

click me!