തൊഴിലാളികള്‍ക്ക് നേരെ കാറില്‍ നിന്ന് 'നോട്ടു കെട്ടുകള്‍' എറിയുന്ന വീഡിയോ; യുഎഇയില്‍ രണ്ട് പേര്‍ക്ക് ശിക്ഷ

By Web TeamFirst Published Sep 12, 2021, 10:11 PM IST
Highlights

അല്‍ ഖൂസില്‍ ജോലി ചെയ്‍തുകൊണ്ടിരിക്കുന്ന തൊഴിലാളികളുടെ നേരെ രണ്ട് പ്രതികളും ചേര്‍ന്ന് ഒരു വാഹനത്തില്‍ നിന്ന് നോട്ടുകെട്ടുകള്‍ വലിച്ചെറിയുന്നതാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ദൃശ്യങ്ങളിലുള്ളത്.

ദുബൈ: വാഹനത്തില്‍ നിന്ന് നോട്ടുകെട്ടുകള്‍ വിതറുന്ന വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച രണ്ട് പേര്‍ക്ക് യുഎഇ കോടതി ഒരു വര്‍ഷം ജയില്‍ ശിക്ഷയും 200,000 ദിര്‍ഹം പിഴയും വിധിച്ചു. ഒരു ഏഷ്യക്കാരനും ഒരു യൂറോപ്യന്‍ സ്വദേശിയുമാണ് ശിക്ഷിക്കപ്പെട്ടത്. റോഡരികില്‍ നിന്നിരുന്ന തൊഴിലാളികള്‍ക്ക് നേരെ ഇവര്‍ 50,000 യൂറോ ആണ് വലിച്ചെറിഞ്ഞത്. എന്നാല്‍ ഇവ വ്യാജ നോട്ടുകളാണെന്ന് പിന്നീട് കണ്ടെത്തി.

അല്‍ ഖൂസില്‍ ജോലി ചെയ്‍തുകൊണ്ടിരിക്കുന്ന തൊഴിലാളികളുടെ നേരെ രണ്ട് പ്രതികളും ചേര്‍ന്ന് ഒരു വാഹനത്തില്‍ നിന്ന് നോട്ടുകെട്ടുകള്‍ വലിച്ചെറിയുന്നതാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ദൃശ്യങ്ങളിലുള്ളത്. ദുബൈ പൊലീസിന്റെ സൈബര്‍ ക്രൈം പട്രോള്‍ ടീം ഈ വീഡിയോ കണ്ടെത്തുകയും വിശദമായ അന്വേഷണം നടത്തുകയുമായിരുന്നു. തൊഴിലാളികളുടെ സുരക്ഷ അപകടത്തിലാക്കിയതിനും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനുമാണ് ആദ്യം കേസെടുത്തിരുന്നത്. എന്നാല്‍ വീഡിയോ നിര്‍മിക്കാനായി ഉപയോഗിച്ചത് കള്ളനോട്ടുകളാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‍സിന്റെ എണ്ണം കൂട്ടുന്നതിനായാണ് ഇത്തരമൊരു വീഡിയോ ചിത്രീകരിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.  കള്ളനോട്ടുകള്‍ കൈവശം വെച്ചതിനും പ്രചരിപ്പിച്ചതിനും യുഎഇയിലേക്ക് വ്യാജ നോട്ടുകളുടെ കള്ളക്കടത്ത് നടത്തിയതിനുമെല്ലാം പ്രോസിക്യൂഷന്‍ കുറ്റം ചുമത്തി. വിചാരണ പൂര്‍ത്തിയാക്കിയ ക്രിമനല്‍ കോടതി ഇരുവര്‍ക്കും രണ്ട് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചെങ്കിലും അപ്പീല്‍ കോടതി ഇത് ഒരു വര്‍ഷമാക്കി ചുരുക്കുകയായിരുന്നു.

click me!