സൗദിയില്‍ കടയില്‍ കയറി മലയാളികളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് പണം കവര്‍ന്നു

By Web TeamFirst Published Jun 19, 2019, 10:49 AM IST
Highlights

രണ്ട് അറബി യുവാക്കളാണ് പരിസരത്ത് അധികം ആളുകളില്ലാത്ത സമയത്ത് കടയിലേക്ക് കയറിവന്നത്. കത്തിയും വടിവാളും വീശി ബാവയോട് പണവും മൊബൈല്‍ ഫോണും ആവശ്യപ്പെട്ടു. പണം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കത്തികൊണ്ട് തലയില്‍ അടിക്കുകയും ചെയ്തു. 

റിയാദ്: സൗദിയിലെ വ്യാപാര സ്ഥാപനത്തില്‍ ആയുധങ്ങളുമായെത്തിയ രണ്ടംഗസംഘം രണ്ട് മലയാളികളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് പണവുമായി മുങ്ങി.  ബത്ഹയിലെ ഒരു മത്സ്യവില്‍പന കേന്ദ്രത്തില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം. കടയില്‍ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി ബാവ, ഇവിടെ മറ്റ് ജോലിക്കായി എത്തിയ വേങ്ങര സ്വദേശി ശശി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

രണ്ട് അറബി യുവാക്കളാണ് പരിസരത്ത് അധികം ആളുകളില്ലാത്ത സമയത്ത് കടയിലേക്ക് കയറിവന്നത്. കത്തിയും വടിവാളും വീശി ബാവയോട് പണവും മൊബൈല്‍ ഫോണും ആവശ്യപ്പെട്ടു. പണം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കത്തികൊണ്ട് തലയില്‍ അടിക്കുകയും ചെയ്തു. പഴ്സ് എടുത്ത് അക്രമികള്‍ക്ക് കൊടുത്തെങ്കിലും അതില്‍ പണം കുറവായിരുന്നതിനാല്‍ കത്തികൊണ്ട് തലയില്‍ വീണ്ടും വെട്ടി.

സംഭവം കണ്ടുകൊണ്ട് നില്‍ക്കുകയായിരുന്ന ശശിയും പേടിച്ച് പേഴ്സ് അക്രമികള്‍ക്ക് കൊടുത്തു. ഇതിനിടെ ശശിയെയും കത്തികൊണ്ട് അടിച്ചു. ഇവരുവരുടെയും മൊബൈല്‍ഫോണുകളും പിടിച്ചുവാങ്ങി സംഘം രക്ഷപെടുകയായിരുന്നു. സംഭവം കടയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ സഹിതം സ്‍പോണ്‍സര്‍ പൊലീസില്‍ പരാതി നല്‍കി. അല്‍പം അകലെയുള്ള മറ്റൊരു സ്ഥലത്ത് നിന്ന് രണ്ട് പേരുടെയും ഇഖാമകള്‍ പിന്നീട് കണ്ടെടുത്തു.

click me!