യുഎഇയില്‍ 20 ലക്ഷം ഡോസ് കൊവിഡ് വാക്സിനുകളുമായി വിമാനങ്ങളെത്തി; പൊതുജനങ്ങള്‍ക്കായി രജിസ്ട്രേഷന്‍ തുടരുന്നു

By Web TeamFirst Published Dec 10, 2020, 10:50 PM IST
Highlights

ഇത്തിഹാദിന്റെ ചാര്‍ട്ടേഡ് കാര്‍ഗോ വിമാനങ്ങളിലാണ് വാക്സിന്‍ എത്തിച്ചത്. പ്രത്യേക താപനിലയില്‍ സൂക്ഷിക്കേണ്ട വാക്സിന്‍ ഇതിന് അനുസൃതമായ കാര്‍ഗോ സംവിധാനങ്ങളൊരുക്കിയാണ് അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍കൊണ്ടുവന്നത്. 

അബുദാബി: ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന് യുഎഇ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയതിന് പിന്നാലെ ഇന്ന് 20 ലക്ഷം ഡോസ് വാക്സിനുകള്‍ രാജ്യത്ത് എത്തിച്ചു. അബുദാബിയിലെ ഹോപ് കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തിലാണ് വാക്സിന്‍ കൊണ്ടുവന്നത്. അതേസമയം പൊതുജനങ്ങള്‍ക്കായുള്ള വാക്സിന്‍ രജിസ്‍ട്രേഷന്‍ അബുദാബിയില്‍ പുരോഗമിക്കുകയാണ്.

ഇത്തിഹാദിന്റെ ചാര്‍ട്ടേഡ് കാര്‍ഗോ വിമാനങ്ങളിലാണ് വാക്സിന്‍ എത്തിച്ചത്. പ്രത്യേക താപനിലയില്‍ സൂക്ഷിക്കേണ്ട വാക്സിന്‍ ഇതിന് അനുസൃതമായ കാര്‍ഗോ സംവിധാനങ്ങളൊരുക്കിയാണ് അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍കൊണ്ടുവന്നത്. തുടര്‍ന്ന് ഇത്തിഹാദ് കാര്‍ഗോയുടെ വാഹനങ്ങളില്‍, അബുദാബി പോര്‍ട്ടില്‍ സജ്ജീകരിച്ച വെയര്‍ഹൌസിലേക്ക് മാറ്റി. ജി42 ഹെല്‍ത്ത് കെയറുമായി സഹകരിച്ചാണ് വാക്സിന്‍ കൊണ്ടുവരുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. 

മാസങ്ങളായി യുഎഇയില്‍ മൂന്നാം ഘട്ട പരീക്ഷണം നടത്തിവന്നിരുന്ന വാക്സിനാണ് സിനോഫാമിന്റേത്.  മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഫലം യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയവും അബുദാബി ആരോഗ്യ വകുപ്പും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കൊവിഡ് വൈറസ് ബാധയ്‍ക്കെതിരെ 86 ശതമാനം ഫലപ്രാപ്‍തി വാക്സിനുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വാക്സിന്‍, ആന്റിബോഡിയെ നിര്‍വീര്യമാക്കുന്ന സെറോകണ്‍വര്‍ഷന്‍ നിരക്ക് 99 ശതമാനമാണെന്നും രോഗത്തിന്റെ ഗുരുതരാവസ്ഥ പ്രതിരോധിക്കുന്നതില്‍ 100 ശതമാനം ഫലപ്രാപ്തി വാക്സിനുണ്ട്. ഗുരുതരമായ മറ്റ് സുരക്ഷാ പ്രശ്നങ്ങളൊന്നും വാക്സിനുള്ളതായി കണ്ടെത്തിയിട്ടുമില്ല.

ജൂലൈയിലാണ് മൂന്നാം ഘട്ട പരീക്ഷണം യുഎഇയില്‍ ആരംഭിച്ചത്. 120 രാജ്യങ്ങളില്‍ നിന്നുള്ള 31,000 പേര്‍ക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ വാക്സിനെടുത്തത്. അബുദാബി ആസ്ഥാനമായ ജി42 ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനവുമായി ചേര്‍ന്നായിരുന്നു നടപടികള്‍. പിന്നീട് കൊവിഡ് മുന്‍നിര പോരാളികള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും മന്ത്രാമാര്‍ക്കും ഭരണാധികാരികള്‍ക്കും വാക്സിനെടുക്കാന്‍ ആരോഗ്യ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. 

അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയുടെ (സേഹ) 80050 എന്ന നമ്പറില്‍ വിളിച്ച് വാക്സിനെടുക്കാനുള്ള അപ്പോയിന്റ്മെന്റ് വാങ്ങാം. സേഹയുടെ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും ക്ലിനിക്കുകളിലും വാക്സിന്‍ ലഭിക്കും. ആദ്യ ഡോസെടുത്ത ശേഷം 21 ദിവസത്തിന് ശേഷമാണ് രണ്ടാമത്തെ ഡോസ് എടുക്കേണ്ടത്. കോള്‍ സെന്ററില്‍ വിളിക്കുമ്പോള്‍ എമിറേറ്റ്സ് ഐഡി വിവരങ്ങള്‍ നല്‍കണം. ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ് വന്നതോടെ സേഹ കോള്‍സെന്ററില്‍ നിരവധി കോളുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

click me!