
റിയാദ്: സൗദി അറേബ്യയിൽ ബിനാമി ബിസിനസ് ഇടപാടിനും കള്ളപ്പണം വെളുപ്പിക്കലിനും പിടിയിലായ രണ്ടുപേർക്ക് ശിക്ഷ വിധിച്ചതായി സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിന്‍റെ പശ്ചാത്തലത്തിൽ പ്രത്യേക കോടതിയാണ് സ്വദേശി പൗരനും വിദേശിക്കുമെതിരെ പ്രാഥമിക വിധി പുറപ്പെടുവിച്ചത്.
ജയിൽവാസം അനുഭവിക്കേണ്ടതിന് പുറമെ, കള്ളപ്പണം വെളുപ്പിച്ചതിന് ഇരുവരും 100 ദശലക്ഷം റിയാൽ പിഴ അടയ്ക്കണമെന്നും കോടതി വ്യക്തമാക്കി. കൂടാതെ ഇവർ വിദേശങ്ങളിലേക്ക് കടത്തിയെന്ന് തെളിഞ്ഞ രണ്ട് ശതകോടി റിയാലിന്‍റെ സ്വത്ത് കണ്ടുകെട്ടാനും പ്രത്യേക കോടതി നിർദേശിച്ചു. യാതൊരുവിധ അംഗീകാരവുമില്ലാതെ ഇരുവരും ബാങ്കിംഗ് ബിസിനസ് നടത്തി ഭീമമായ പണം സമാഹരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഐഡന്‍റിറ്റി വെളിപ്പെടുത്താത്ത ആളുകൾ, ബിനാമി ബിസിനസുകാർ, മയക്കുമരുന്ന് വിതരണക്കാർ എന്നിവരിൽനിന്നെല്ലാം പണം സ്വീകരിച്ചിരുന്ന പ്രതികൾ ഏകദേശം രണ്ട് ശതകോടി റിയാൽ സമാഹരിച്ച് ഈ തുക ഏതാനും വിദേശ രാജ്യങ്ങളിലേക്ക് അയക്കുകയും ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തി.
ജയിൽശിക്ഷ കഴിഞ്ഞതിന് ശേഷം വിദേശിയെ നാടുകടത്താൻ വിധിച്ച കോടതി സൗദി പൗരന് യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദേശീയ സാമ്പത്തിക സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന ബിനാമി ബിസിനസ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളെ കർശനമായി നേരിടുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ