നിയമക്കുരുക്കിൽപ്പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന രണ്ട് പ്രവാസി വനിതകള്‍ നാടണഞ്ഞു

By Web TeamFirst Published Sep 27, 2021, 9:30 AM IST
Highlights

സ്‍പോൺസർ വരുമെന്നുള്ള  പ്രതീക്ഷയിൽ ഒന്നര വർഷത്തോളം  ആ വീട്ടിൽ തന്നെ  റാണി ഒറ്റയ്ക്ക്  കഴിഞ്ഞു. ആരും തിരിഞ്ഞു നോക്കാതെ ദുരിതത്തിലായ റാണി, അവിടെ നിന്നും ഇറങ്ങി റിയാദ് ഇന്ത്യൻ എംബസിയിൽ അഭയം തേടുകയായിരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) നിയമക്കുരുക്കിൽപ്പെട്ട് നാട്ടിലേക്ക് മടങ്ങാനാകാതെ ദുരിതത്തിലായിരുന്ന രണ്ട് പ്രവാസി വനിതകളെ നവയുഗം ജീവകാരുണ്യവിഭാഗവും സാമൂഹ്യപ്രവർത്തകരും ചേര്‍ന്ന് നാട്ടിലേക്ക് അയച്ചു. തമിഴ്‌നാട് മധുര സ്വദേശിനി ശർമിള, ചെന്നൈ സ്വദേശിനി റാണി എന്നിവരാണ് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങാൻ കഴിഞ്ഞത്.

റിയാദിലെ ഒരു വീട്ടിൽ നാലു വർഷം മുമ്പായിരുന്നു  ജോലിക്ക് എത്തിയത്. രാജ്യത്തെ ഒരു പ്രമുഖ കുടുംബത്തിന്റെ വേനൽക്കാല വസതിയായിരുന്നു ആ വീട്. സന്ദർശകരായി വരുന്നവർക്ക് ഭക്ഷണമൊരുക്കിയും, വീട് വൃത്തിയാക്കിയും മൂന്നുവർഷം അവിടെ ജോലി ചെയ്തു. കൊവിഡ് തുടങ്ങിയതിനു ശേഷം ആ വീട്ടിലേക്ക് ആരും വരാതെയായി. 

സ്‍പോൺസർ വരുമെന്നുള്ള  പ്രതീക്ഷയിൽ ഒന്നര വർഷത്തോളം  ആ വീട്ടിൽ തന്നെ  റാണി ഒറ്റയ്ക്ക്  കഴിഞ്ഞു. ആരും തിരിഞ്ഞു നോക്കാതെ ദുരിതത്തിലായ റാണി, അവിടെ നിന്നും ഇറങ്ങി റിയാദ് ഇന്ത്യൻ എംബസിയിൽ അഭയം തേടുകയായിരുന്നു. എംബസി അധികൃതരാണ് റാണിയെ, ദമ്മാമിലെ നവയുഗം ആക്റ്റിങ് പ്രസിഡന്റും, ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടന്റെ അടുത്തേക്ക് അയച്ചത്.

അതേസമയം ശർമിളയെ രണ്ടു വർഷം മുമ്പാണ് വീട്ടുജോലിക്കാരിയുടെ വിസയിൽ ഖത്തറിൽ  ഒരു സൗദി പൗരൻ കൊണ്ട് വന്നത്. പിന്നീട് അവിടെ നിന്ന് വിസിറ്റിങ് വിസയിൽ റിയാദിൽ എത്തിച്ച് വീട്ടുജോലിക്ക് നിയോഗിച്ചു. ആറു മാസം കഴിഞ്ഞിട്ടും ശമ്പളമോ ആനുകൂല്യങ്ങളോ കിട്ടാതെയായപ്പോൾ, അവിടെ നിന്നും പുറത്തുകടന്ന്, വേറൊരു വീട്ടിൽ ജോലിക്ക് ചേർന്നു. പിന്നീട് കുറെനാള്‍ കഴിഞ്ഞ് നാട്ടിൽ പോകാനായി ശ്രമിച്ചപ്പോൾ, വിസിറ്റിങ് വിസയുടെ കാലാവധി അവസാനിച്ചതിനാൽ നിയമക്കുരുക്കിലായിയി. സാമൂഹ്യപ്രവർത്തകനായ സലാം ജാംജൂമിനെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചപ്പോൾ, അദ്ദേഹമാണ് ശർമിളയെ ദമ്മാമിൽ മഞ്ജു മണിക്കുട്ടന്റെ അടുത്ത് എത്തിയ്ക്കുകയായിരുന്നു.

റാണിയും, ശർമിളയും ഒരു മാസത്തോളം ദമാമിൽ മഞ്ജു മണിക്കുട്ടന്റെ വീട്ടിലാണ് കഴിഞ്ഞത്. മഞ്ജു രണ്ടു പേർക്കും ഇന്ത്യൻ എംബസി വഴി ഔട്ട്പാസ്സ് എടുത്തു നൽകുകയും വനിതാ അഭയകേന്ദ്രം വഴി എക്സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു. റാണിയ്ക്ക് ദമ്മാമിലെ ഡി എം കെ സാമൂഹ്യപ്രവർത്തകരായ വെങ്കിടേഷ്, ആരിഫ് എന്നിവരുടെ നേതൃത്വത്തിൽ വിമാന ടിക്കറ്റ് എടുത്തു കൊടുത്തു. ശർമിളയ്ക്ക് വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞത് മൂലമുള്ള ഫൈൻ തമിഴ് സോഷ്യൽ മന്ദ്രം പ്രവർത്തകരും, വിമാനടിക്കറ്റ് പ്രവാസി സാംസ്ക്കാരികവേദി പ്രവർത്തകരും  നൽകി.

click me!