
അബുദാബി: അഹമ്മദാബാദ് വിമാന ദുരന്തം യുഎഇയിൽ നിന്നും അഹമ്മദാബാദിലേക്കുള്ള വിമാന സർവീസുകളെ ബാധിച്ചിട്ടില്ലെന്ന് എയർലൈൻ വക്താക്കൾ അറിയിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. അപകടം ഉണ്ടായ അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം ഇന്നലെ താൽക്കാലികമായി അടച്ചിരുന്നു. എന്നാൽ പിന്നീട് പ്രവർത്തനം പുനരാരംഭിച്ചതിനെ തുടർന്ന് അധികം വിമാന സർവീസുകളെ ബാധിച്ചില്ലെന്ന് എയർലൈൻ വക്താക്കൾ അറിയിച്ചു.
അഹമ്മദാബാദ് വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടതിനെ തുടർന്ന് അബുദാബി വിമാനത്താവളത്തിൽ നിന്ന് അഹമ്മദാബാദ് വിമാനത്താവളത്തിലേക്ക് പോകേണ്ട ഇത്തിഹാദ് വിമാനം EY 240 രണ്ട് മണിക്കൂർ വൈകിയതായി എയർലൈൻ വക്താവ് അറിയിച്ചു. വിമാനം അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് 2.05ന് പുറപ്പെടേണ്ടതായിരുന്നു. വൈകി യുഎഇ സമയം 4.16നാണ് വിമാനം പുറപ്പെട്ടത്. ഇന്ത്യൻ സമയം 8.32നാണ് വിമാനം അഹമ്മദാബാദിൽ എത്തിച്ചേർന്നത്. ഇതൊഴികെ ഷെഡ്യൂൾ ചെയ്തിരുന്ന മറ്റ് ഇത്തിഹാദ് വിമാന സർവീസുകൾ ഷെഡ്യൂൾ പ്രകാരം തന്നെ സർവീസുകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചതായും ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.
വിമാന അപകടത്തിൽ ബാധിതരായവർക്ക് ദുബൈ ആസ്ഥാനമായുള്ള ഫ്ലൈ ദുബൈ വിമാനക്കമ്പനി അനുശോചനം അറിയിച്ചു. അഹമ്മദാബാദിൽ ഇന്നലെയുണ്ടായ വിമാന ദുരന്തത്തിൽ 294 പേര്‍ മരിച്ചതായി വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൊലീസിനെ ഉദ്ധരിച്ചാണ് റോയിട്ടേഴ്സിന്‍റെ റിപ്പോര്‍ട്ട്. വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ക്ക് പുറമെ പ്രദേശവാസികളും മരിച്ചവരിൽ ഉള്‍പ്പെടുന്നു. കൂടാതെ വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുമുണ്ട്. 5 വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടുവെന്നാണ് ഇന്നലെ പുറത്തുവന്ന വിവരം. അറുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ